അഗർത്തല
ത്രിപുര മുൻ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവുമായ മണിക് സർക്കാരിന്റെ വാഹനവ്യൂഹത്തിനുനേരെ ബിജെപി ആക്രമണം. രണ്ടിടത്ത് വാഹനം തടഞ്ഞ ബിജെപിക്കാരെ സിപിഐ എം പ്രവർത്തകർ ചെറുത്തു. സംഘർഷത്തിൽ രണ്ട് സിപിഐ എം പ്രവർത്തകർക്കും നാല് ബിജെപിക്കാർക്കും പരിക്കേറ്റു.
സെപഹിജാല ജില്ലയിലെ സോണമുരമേഖലയിലാണ് സംഘർഷമുണ്ടായത്. കതാലിയയിലെ പാർടി പരിപാടിക്കുപോയ മണിക് സർക്കാരിന്റെ വാഹനം ധൻപുർ ചന്തയ്ക്കു സമീപം ബിജെപിക്കാർ തടഞ്ഞെങ്കിലും സിപിഐ എം പ്രവർത്തകർ ഇടപെട്ട് വഴിയൊരുക്കി. ഒരു ബിജെപിക്കാരന് പരിക്കേറ്റു.
മൂന്ന് കിലോമീറ്റർ അകലെ ബാഷ്പുക്കൂറിലാണ് രണ്ടാമത് സംഘർഷമുണ്ടായത്. മണിക് സർക്കാർ ഇവിടെനിന്ന് നടന്ന് വേദിയിലേക്ക് പോയി. പ്രവർത്തകർ ഇരുവശത്തും മനുഷ്യച്ചങ്ങല തീർത്തു. മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ട പൊലീസ് സുരക്ഷ ഒരുക്കിയില്ല. തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ട് സിപിഐ എം പ്രവർത്തകർക്കും മൂന്ന് ബിജെപിക്കാർക്കും പരിക്കേറ്റു. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
നാല് മാസം മുമ്പ് ശാന്തി ബസാറിൽ ബിജെപി ആക്രമണത്തിൽ പരിക്കേറ്റ സിപിഐ എം പ്രവർത്തകരെ സന്ദർശിക്കാൻ എത്തിയപ്പോഴും മണിക്ക് സർക്കാരിനെ ബിജെപിക്കാർ ആക്രമിച്ചിരുന്നു.