പേരാമ്പ്ര > ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട്ടിൽ വീണ്ടും ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തി. ചൊവ്വ വൈകിട്ട് 6.30നാണ് അഞ്ചംഗ മാവോയിസ്റ്റുകൾ പേരാമ്പ്ര എസ്റ്റേറ്റിലെത്തിയത്. സംഘത്തിൽ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണുള്ളത്.
എ കെ 47 തോക്കുകളുമായെത്തിയ സംഘം പ്ലാന്റേഷൻ കോർപറേഷന്റെ സി ഡിവിഷനിലൂടെ പകൽ നടന്നുവരികയായിരുന്നു. എസ്റ്റേറ്റ് മാനേജരുടെ ക്വാർട്ടേഴ്സിലെത്തിയ ഇവർ മാനേജർക്ക് ലഘുലേഖകൾ നൽകി. മുതുകാട്ടിലെ ഇരുമ്പയിര് ഖനനം തടയുകയാണ് ലക്ഷ്യമെന്നും അതിനായി എസ്റ്റേറ്റ് തൊഴിലാളികളിൽനിന്ന് ഫണ്ട് പിരിച്ചുനൽകണമെന്നും ആവശ്യപ്പെട്ടു. പൊലീസിനെ അറിയിച്ചാൽ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും ഭീഷണി മുഴക്കി.
തൊട്ടടുത്ത ക്വാർട്ടേഴ്സുകൾ കയറിയും ലഘുലേഖകൾ നൽകി. പ്ലാന്റേഷൻ ഗവ. ഹൈസ്കൂൾ പരിസരങ്ങളിലും മുൻവശത്തെ ബസ് സ്റ്റോപ്പിലും പോസ്റ്ററുകൾ പതിച്ചശേഷം 20 മിനിറ്റോളം ഇവിടെ വിശദീകരണ യോഗവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ സുനിലിനെതിരെയും ഭീഷണി ഉയർത്തി. യോഗത്തിനുശേഷം തൊട്ടുമുന്നിലൂടെയുള്ള പയ്യാനിക്കോട്ട നാലാം ബ്ലോക്ക് റോഡിലൂടെയാണ് സംഘം നടന്നുനീങ്ങിയത്.
രണ്ടാഴ്ചമുമ്പ് രണ്ടുദിവസങ്ങളിലായി പയ്യാനിക്കോട്ട ദേവീക്ഷേത്രത്തിനടുത്തുള്ള ആനിക്കാട്ട് തോമസ്, ഉള്ളാട്ടിൽ ചാക്കോ എന്നിവരുടെ വീടുകളിൽ സ്ത്രീ അടങ്ങുന്ന മൂന്നംഗ സംഘം രാത്രി അതിക്രമിച്ചുകയറി ഭക്ഷണസാധനങ്ങൾ ബലമായി കൈക്കലാക്കിയിരുന്നു.
വീടുകളിൽനിന്ന് മൊബൈൽ ഫോൺ, ലാപ്ടോപ്പ്, പവർ ബാങ്ക് എന്നിവ ചാർജ് ചെയ്തശേഷം ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. മറ്റു മൂന്നുപേർക്കുകൂടി ഭക്ഷണം പൊതിഞ്ഞുവാങ്ങിച്ചിരുന്നു. മാവോയിസ്റ്റ് ഭീഷണി തുടരുന്ന മുതുകാട് മേഖലയിൽ പൊലീസിന്റെ കാര്യമായ പരിശോധന നടക്കുന്നില്ലെന്ന് പരാതിയുണ്ട്.