റായ്പുർ
ബ്രാഹ്മണ സമുദായത്തെ അധിക്ഷേപിച്ചെന്ന കേസിൽ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ അച്ഛൻ നന്ദകുമാർ ബാഗലി (86)നെ ഡൽഹിയിൽ അറസ്റ്റ് ചെയ്തു. റായ്പുരിൽ എത്തിച്ച് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ നന്ദകുമാറിനെ 15 ദിവസം റിമാൻഡുചെയ്തു. നന്ദകുമാർ ജാമ്യത്തിന് ശ്രമിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.
സർവ ബ്രാഹ്മണ സമാജത്തിന്റെ പരാതിയിൽ ശനിയാഴ്ചയാണ് പൊലീസ് കേസെടുത്തത്. വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുതവളർത്താൻ ശ്രമം, സമാധാനം തകർക്കാൻ നീക്കം തുടങ്ങിയ വകുപ്പുകളിലാണ് കേസ്. ബ്രാഹ്മണർ വിദേശികളാണെന്നും ബഹിഷ്കരിക്കണമെന്നും ഗ്രാമത്തിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്നും നന്ദകുമാർ ബാഗൽ ആഹ്വാനം ചെയ്തെന്ന് പരാതിയിൽ പറഞ്ഞു. ബ്രാഹ്മണരെ ഇന്ത്യയിൽനിന്ന് പുറത്താക്കണമെന്ന് നന്ദകുമാർ ആവശ്യപ്പെട്ടെന്നും പരാതിയിലുണ്ട്. ഉത്തർപ്രദേശിൽ നടന്ന ചടങ്ങിലായിരുന്നു പ്രസംഗം. വിവാദമായതോടെ, ആരും നിയമത്തിന് അതീതരല്ലെന്നും പൊലീസ് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ പ്രതികരിച്ചിരുന്നു. അച്ഛന്റെ പ്രതികരണം ഒരു വിഭാഗത്തിന്റെ വികാരത്തെ മുറിപ്പെടുത്തുന്നതും സാമൂഹ്യ ഐക്യം തകർക്കുന്നതുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.