തിരുവനന്തപുരം
സ്വർണത്തിൽനിന്നുള്ള നികുതി വിഹിതം ഉറപ്പാക്കൽ നടപടികൾമാത്രമാണ് സർക്കാർ ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട നികുതി വിഹിതം കിട്ടാതെവരുന്നതിനാലാണിത്.
ശരിയായ നിലയിൽ നികുതി ഒടുക്കുന്ന എല്ലാ വ്യാപാരികളും ഇത് സ്വാഗതം ചെയ്യും. ഏറ്റവും കൂടുതൽ നികുതി വരേണ്ട ഒരു മേഖലയിൽനിന്ന് നികുതി കുറയുന്നതിന്റെ അടിസ്ഥാനത്തിലാണ് ആലോചനായോഗം ചേർന്നത്. നികുതി വെട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങൾ ഏതെന്ന് കൃത്യമായി മനസ്സിലാക്കാനുള്ള മാർഗങ്ങളിലൊന്നാണ് സിസിടിവി ക്യാമറ നിരീക്ഷണം. ജിഎസ്ടി വകുപ്പിന് ഇത് ലഭ്യമാക്കിയാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. ഏതെങ്കിലും തരത്തിൽ ആളുകളെ ഉപദ്രവിക്കാനല്ല. നിയമത്തിൽനിന്ന് വഴിമാറുന്നുണ്ടോ എന്നറിയാനും ഉണ്ടെങ്കിൽ ഇടപെടാനുമാണ്.
കടകളിലൂടെയല്ലാതെ സ്വർണം വിൽക്കുന്നത് വ്യാപകമാകുന്നു. ഇവിടെയും നികുതി ഒഴിവാക്കപ്പെടുന്നു. നിയമ ലംഘനങ്ങളിൽ സ്വർണമടക്കം കണ്ടുകെട്ടുന്ന നടപടി ഉറപ്പാക്കണം. ഇത്തരം ആലോചനകളാണ് യോഗത്തിലുണ്ടായത്. സ്വർണ വ്യാപാരികളുമായി ഒരുതരത്തിലുള്ള തർക്കത്തിനും സർക്കാരിന് താൽപ്പര്യമില്ല. നികുതി അടയ്ക്കുന്നവർക്കെതിരെ നടപടിയുണ്ടാകില്ല.
അടയ്ക്കാത്തവർക്കാണ് സർക്കാർ ആലോചന അങ്കലാപ്പുണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നികുതിവെട്ടിപ്പ് തടയാൻ കർശന നടപടികളുണ്ടാകുമെന്ന് ഉന്നതതലയോഗത്തിലും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. യോഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, നികുതി വകുപ്പ് സെക്രട്ടറി ശർമിള മേരി ജോസഫ്, സംസ്ഥാന ജിഎസ്ടി കമീഷണർ രത്തൻ ഖേൽക്കർ എന്നിവർ പങ്കെടുത്തു.