ന്യൂഡൽഹി
ചരക്കുസേവന നികുതി നിയമം (സിജിഎസ്ടി) നിലവിൽ വന്ന് നാല് വർഷം കഴിഞ്ഞിട്ടും നിയമപ്രകാരം ആവശ്യമായ അപ്പലേറ്റ് ട്രിബ്യൂണൽ രൂപീകരിക്കാൻ കൂട്ടാക്കാത്ത കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിച്ച് സുപ്രീംകോടതി. “കേന്ദ്ര സര്‍ക്കാര്‍ ക്ഷമ പരീക്ഷിക്കുകയാണ്. കോടതിയെ ബഹുമാനിക്കുന്നില്ല. ഞങ്ങള്‍ അസ്വസ്ഥരാണ്, എന്നാല്‍ ഏറ്റുമുട്ടാന്‍ താല്‍പ്പര്യമില്ല’– ചീഫ് ജസ്റ്റിസ് എൻ വി രമണ്ണ, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എൽ നാഗേശ്വർ റാവു എന്നിവരുടെ പ്രത്യേക ബെഞ്ച് പറഞ്ഞു.
കേസ് പരിഗണിച്ചപ്പോള്‍ എതിർസത്യവാങ്മൂലത്തിന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത സമയം തേടിയെങ്കിലും കോടതി അനുവദിച്ചില്ല. “സത്യവാങ്മൂലത്തിന്റെ ആവശ്യമില്ല, എത്രയുംവേഗം ദേശീയ ട്രിബ്യൂണലിനും മറ്റ് ട്രിബ്യൂണലുകൾക്കും രൂപം നൽകുകയാണ് വേണ്ടത്. സിജിഎസ്ടി തീർപ്പുകളിൽ വിയോജിപ്പുള്ളവർ ആരെയാണ് സമീപിക്കുക’– കോടതി പറഞ്ഞു. കേസ് 13ലേക്ക് മാറ്റി. ട്രിബ്യൂണൽ ഒഴിവ് നികത്തണമെന്ന ഹർജിയും ട്രിബ്യൂണൽ പരിഷ്കാരനിയമത്തെ ചോദ്യംചെയ്യുന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശിന്റെ ഹർജിയും 13ലേക്ക് മാറ്റി.
ട്രിബ്യൂണൽ നിയമപരിഷ്കാരത്തോടുള്ള വിയോജിപ്പും കോടതി പ്രകടമാക്കി. മദ്രാസ് ബാർ അസോസിയേഷൻ കേസിൽ കോടതി റദ്ദാക്കിയ വ്യവസ്ഥകളുടെ പുനഃസ്ഥാപനമാണ് പുതിയ നിയമമെന്ന് കോടതി നിരീക്ഷിച്ചു. ബാർ അസോസിയേഷന്റെ കേസിൽ ട്രിബ്യൂണൽ അംഗമാകാൻ മിനിമം 40 വയസ്സ്, നാലുവർഷംമാത്രം കാലാവധി തുടങ്ങിയ വ്യവസ്ഥകൾ സുപ്രീംകോടതി റദ്ദുചെയ്തിരുന്നു. പുതിയ നിയമത്തിൽ ഈ രണ്ട് വ്യവസ്ഥയും കേന്ദ്രം ഉൾപ്പെടുത്തി.