നിപാ വൈറസിന്റെ പ്രഭവകേന്ദ്രം സംസ്ഥാനത്തുതന്നെയുള്ള പഴംതീനി വവ്വാലുകളാണെന്നതിൽ സംശയിക്കേണ്ടതില്ല. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി 2019ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഇത് വ്യക്തമാണ്.
കേരളത്തിൽ 2018ൽ രോഗികളിൽനിന്ന് ശേഖരിച്ച സാമ്പിളുകളിലെയും പേരാമ്പ്ര സൂപ്പിക്കടയിൽനിന്ന് ശേഖരിച്ച വവ്വാലുകളിൽനിന്ന് കണ്ടെത്തിയ വൈറസും തമ്മിൽ 99.7 ശതമാനം സാമ്യമുണ്ടായിരുന്നു. ബംഗ്ലാദേശിൽനിന്ന് കണ്ടെത്തിയ വൈറസുമായുള്ള സാമ്യം ഒരു ശതമാനം കുറവായിരുന്നു.
52 ടെറോപ്സ് വവ്വാലുകളിൽ പതിമൂന്നിലും വൈറസ് സാന്നിധ്യം കണ്ടെത്തിയത് ആ പ്രദേശത്തെങ്കിലും വവ്വാലുകളിൽ വ്യാപകമായി വൈറസ് ബാധ ഉണ്ടെന്ന് വ്യക്തമാക്കുന്നു. രോഗം കണ്ടെത്തിയാൽ തുടർനടപടികൾ ചിട്ടയോടെ നടത്താനുള്ള സംവിധാനം കേരളത്തിലുണ്ട്. ആശങ്കവേണ്ടെങ്കിലും വീണ്ടും രോഗബാധയുണ്ടായതിനാൽ അതെങ്ങനെയുണ്ടായെന്ന് കണ്ടെത്തേണ്ടതുണ്ട്. രണ്ടുതവണയും ആദ്യരോഗിക്ക് വൈറസ് എങ്ങനെ ബാധിച്ചുവെന്ന് കണ്ടെത്താനായില്ല. ചിട്ടയായ പാരിസ്ഥിതിക,- വൈറോളജിക,- ജിനോമിക പഠനങ്ങൾ വഴി മാത്രമേ രോഗം വരുന്ന സാഹചര്യം മനസ്സിലാക്കാൻ കഴിയൂ.
ഇതിന് പ്രത്യേക സംഘം രൂപീകരിക്കണം. കേരളത്തിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ മൾട്ടി ഡിസിപ്ലിനറി പഠനം നടത്താനാവണം. കോവിഡ് രോഗനിർണയ മുന്നേറ്റം നിലനിർത്തി വൈറസ് രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയുംവിധം സംവിധാനങ്ങൾ മെച്ചപ്പെടുത്തണം.