ന്യൂഡൽഹി
പൊലീസ് മര്‍ദനത്തില്‍ കര്ഷകന് കൊല്ലപ്പെട്ട ഹരിയാനയിലെ കർണാലിൽ ചൊവ്വാഴ്ച കിസാൻമഹാപഞ്ചായത്ത് നടക്കാനിരിക്കെ നിരോധനാജ്ഞ പ്രഖ്യാപിച്ച് അധികൃതര്‍. പ്രക്ഷോഭം നേരിടാന്‍ 40 കമ്പനി സേനയെ അധികമായി ഇറക്കി. ഇന്റർനെറ്റ് തടഞ്ഞു. ദേശീയപാതവഴി അർധരാത്രിമുതൽ ഗതാഗതം തടഞ്ഞു. കർണാൽ ഭക്ഷ്യധാന്യ മാർക്കറ്റിൽ രാവിലെ 10 മുതലാണ് മഹാപഞ്ചായത്ത് ചേരുക. 28നുണ്ടായ പൊലീസ് അതിക്രമത്തില്‍ കർഷകൻ കൊല്ലപ്പെടുകയും 40ൽപ്പരം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ നടപടി ആവശ്യപ്പെട്ടാണ് പ്രക്ഷോഭം.
എസ്ഡിഎമ്മിനും പൊലീസുകാര്‍ക്കും എതിരെ കേസെടുക്കുക, കൊല്ലപ്പെട്ട സുശീൽ കാജലിന്റെ കുടുംബത്തിനു 40 ലക്ഷം രൂപ നഷ്ടപരിഹാരവും ആശ്രിതരിൽ ഒരാൾക്ക് ജോലിയും നൽകുക, പരിക്കേറ്റവർക്ക് രണ്ട് ലക്ഷം വീതം സഹായം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മഹാപഞ്ചായത്ത്.
കർഷകനേതാവ് ഗുർണാംസിങ് ചടൂണി ജില്ലാഅധികൃതരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു.