ന്യൂഡൽഹി
ജെഎൻയു അധ്യാപികയായിരുന്ന പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞയും പ്രൊഫ. ഷീല ഭല്ല (88) അന്തരിച്ചു. ഞായറാഴ്ച പുതുച്ചേരിയിലായിരുന്നു അന്ത്യം. രാജ്യത്തെ കാർഷിക രംഗത്തെക്കുറിച്ച് ഷീല ഭല്ല നടത്തിയ പഠനങ്ങൾ മേഖലയിലെ പ്രതിസന്ധികൾ തുറന്നുകാട്ടിയ ആധികാരിക രേഖകളായി പരിഗണിക്കപ്പെട്ടു. ഗവേഷണങ്ങൾക്കൊപ്പം കർഷകരുടെയും തൊഴിലാളികളുടെയും അവകാശ സമരങ്ങളിലും ഷീല പങ്കാളിയായി.
കാനഡയിൽ ജനിച്ച ഷീല, ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽനിന്ന് പിഎച്ച്ഡി നേടി. പ്രൊഫ. ജി എസ് ഭല്ലയെ വിവാഹം കഴിച്ചതോടെയാണ് ഇന്ത്യയിൽ താമസമാക്കിയത്. 1969ൽ ചണ്ഡിഗഢിലെ പഞ്ചാബ് സർവകലാശാലയിൽ സാമ്പത്തികശാസ്ത്ര വിഭാഗം അധ്യാപികയായി. തുടർന്ന് ജെഎൻയുവിലെ സെന്റർ ഓഫ് എക്കണോമിക് സ്റ്റഡീസിൽ അധ്യാപികയായി. ഇന്ത്യൻ കാർഷികമേഖലയിൽ മുതലാളിത്ത സ്വാധീനം, കർഷകത്തൊഴിലാളികൾ, കുടിയാൻമാർ തുടങ്ങി വിവിധ വിഭാഗങ്ങൾ നേരിടുന്ന പ്രതിസന്ധി, നവ ഉദാര നയങ്ങൾ കാർഷിക മേഖലയിലുണ്ടാക്കിയ പ്രത്യാഘാതം തുടങ്ങിയ മേഖലകളിൽ പഠനം നടത്തി.
ഷീല ഭല്ലയുടെ നിര്യാണത്തിൽ അഖിലേന്ത്യാ കിസാൻസഭ അനുശോചിച്ചു. കടലൂരിൽനടന്ന കിസാൻസഭയുടെ 33–-ാം അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. കാർഷിക മേഖലയിലെ പ്രശ്നങ്ങളിൽ കിസാൻസഭയുമായി നിരന്തരം സംവദിക്കാൻ ഷീല തയ്യാറായെന്ന് അനുശോചന സന്ദേശത്തിൽ കിസാൻസഭ പറഞ്ഞു.