കാബൂൾ
ദിവസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ പഞ്ച്ശീർ പ്രവിശ്യ കീഴടക്കിയെന്ന് താലിബാൻ. രാജ്യം മുഴുവൻ കീഴടക്കിയ താലിബാനെതിരെ ശക്തമായ പ്രതിരോധമാണ് അവിടെ വടക്കൻ സഖ്യം കാഴ്ചവച്ചത്. പ്രവിശ്യയിലെ എട്ട് ജില്ലയും കീഴടക്കിയതായി താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. പ്രവിശ്യാ ഗവർണറുടെ ഓഫീസിന് മുന്നിൽനിന്നുള്ള ചിത്രങ്ങളും താലിബാൻ പുറത്തുവിട്ടു.
പ്രതിരോധ സേനയെ നയിക്കുന്ന മുൻ അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സാലിഹ് തജികിസ്ഥാനിലേക്ക് രക്ഷപ്പെട്ടതായി റിപ്പോർട്ട്. മറ്റൊരു നേതാവ് അഹമ്മദ് മസ്സൂദ് എവിടെയെന്ന് അറിവായിട്ടില്ല. പഞ്ച്ശീർ പോരാട്ടം തുടരുന്നെന്ന് അജ്ഞാത കേന്ദ്രത്തിൽനിന്നുള്ള വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. പഞ്ച്ശീർ കൂടി കീഴടക്കിയതോടെ സർക്കാർ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം, പാക് സൈന്യം താലിബാനുവേണ്ടി പഞ്ച്ശീറിൽ ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. അതിലാണ് വടക്കൻ സഖ്യ വക്താവും ജമാഅത്തെ ഇസ്ലാമി നേതാവുമായ ഫാത്തിം ദഷ്തി കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടുകൾ പറയുന്നു. മുതിർന്ന മാധ്യമപ്രവർത്തകൻ കൂടിയാണ് ദഷ്തി. താലിബാനെ സഹായിക്കാൻ പ്രത്യേക സേനയെയും പാകിസ്ഥാൻ അയച്ചിരുന്നു. പഞ്ച്ശീറിലെ ദഷ്തക്കിൽ ഞായറാഴ്ച രാത്രിയാണ് പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയത്. ഇവിടത്തെ മാധ്യമ ആസ്ഥാനവും തകർത്തു.
ഗുൽ ഹൈദർ ഖാൻ, മുനിബ് അമീറി, മസ്സൂദിന്റെ ബന്ധു വാദൂദ് തുടങ്ങിയ നേതാക്കളും കൊല്ലപ്പെട്ടു. ഭരണാധിപനാവുമെന്ന് കരുതുന്ന മുല്ല അബ്ദുൾ ഗനി ബറാദർ അഫ്ഗാനിലെത്തിയ പാക് ചാരസംഘടനാ തലവൻ ഫൈസ് ഹമീദുമായി കൂടിക്കാഴ്ച നടത്തിയെന്ന് താലിബാൻ സ്ഥിരീകരിച്ചു.
പാക് ഇടപെടൽ അനുവദിക്കില്ല
അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാകിസ്ഥാൻ ഉൾപ്പെടെ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്ന് താലിബാൻ. കാബൂളിൽ വാർത്താസമ്മേളനത്തിൽ താലിബാൻ വക്താവ് സബിഹുള്ള മുജാഹിദാണ് ഇക്കാര്യം പറഞ്ഞത്. സർക്കാർ രൂപീകരിക്കാൻ അന്തിമഘട്ട ശ്രമത്തിലുള്ള താലിബാൻ നേതാവ് മുല്ല അബ്ദുൾ ഗനി ബറാദറുമായി പാക് ഐഎസ്ഐ തലവൻ ഫൈസ് ഹമീദ് കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വക്താവ്.
അതിർത്തിയിലെ യാത്രാ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ലഫ്. ജനറൽ ഹമീദിന്റെ നേതൃത്വത്തിലുള്ള മുതിർന്ന പാക് ഉദ്യോഗസ്ഥ സംഘം എത്തിയതെന്ന് താലിബാൻ സാംസ്കാരിക കമീഷൻ അംഗം അഹമ്മദുള്ള വസിഖ് പറഞ്ഞു.
താലിബാൻ സർക്കാരിന് രൂപമായെന്ന് റിപ്പോർട്ട്
അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാരിന് ഏകദേശ രൂപമായെന്ന് റിപ്പോർട്ട്. ഭരണാധികാരികൾ ആരൊക്കെയെന്ന് തീരുമാനമായതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല. മുല്ല മൊഹമ്മദ് ഹസൻ അഖുന്ദ് രാഷ്ട്രത്തലവനും മുല്ല ബറാദർ അഖുന്ദ്, മുല്ല അബ്ദുസ് സലാം എന്നിവർ ഉപഭരണാധികാരികളുമായേക്കുമെന്ന് സിഎൻഎൻ ന്യൂസ്18 റിപ്പോർട്ട് ചെയ്തു.
താലിബാൻ വക്താവ് സബിയുള്ള മുജാഹിദ്ദീൻ രാഷ്ട്രത്തലവന്റെ വക്താവായി പ്രവർത്തിക്കും. സിറാജുദ്ദീൻ ഹഖാനി ആഭ്യന്തരമന്ത്രിയായേക്കും. ഗവർണർമാരെ നിർദേശിക്കുന്നതും ഹഖാനിയായിരിക്കും. മുല്ല അമീർ ഖാൻ മുത്തഖി വിദേശമന്ത്രിയായേക്കും.