ന്യൂഡൽഹി
ഉത്തർപ്രദേശില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിച്ച പ്രൈമറി സ്കൂൾ അധ്യാപകരിൽ 1600ൽപ്പരം പേർ കോവിഡിനിരയായി. നഷ്ടപരിഹാരംതേടി കുടുംബാംഗങ്ങൾ നടത്തുന്ന പ്രക്ഷോഭത്തിന് ജനകീയപിന്തുണയേറിയപ്പോല് മരണകണക്ക് മറച്ചുവയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം. അധ്യാപകസംഘടനകൾ മാസങ്ങളായി ഉന്നയിക്കുന്ന വിഷയം ഏറ്റെടുത്ത് സമാജ്വാദി പാർടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. ബിജെപി സർക്കാരിന്റെ തനിനിറമാണ് വെളിപ്പെട്ടതെന്ന് അഖിലേഷ് പറഞ്ഞു.
ഏപ്രിൽ 15 മുതൽ 29വരെ നാല് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടന്നത്. മരിച്ച 706 അധ്യാപകരുടെ പട്ടിക ഏപ്രിൽ 28ന് അധ്യാപകസംഘടന പുറത്തുവിട്ടിരുന്നു. മെയ് 16ന് പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം, മരിച്ചവവരുടെ എണ്ണം 1,621 ആയി. തെരഞ്ഞെടുപ്പ് ജോലിചെയ്തവരിൽ 3,000 പേരെങ്കിലും കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെന്ന് ഉത്തർപ്രദേശ് എംഎൽസി സുരേഷ്കുമാർ ത്രിപാഠി പറഞ്ഞു. പ്രൈമറി അധ്യാപക സംഘടന മാത്രമാണ് പട്ടിക കൃത്യമായി തയ്യാറാക്കിയത്. അധ്യാപകരുടെ മരണസംഖ്യ പ്രത്യേകമായി പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറല്ല. കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു.