ന്യൂഡൽഹി
കേസുകൾ വിജയിപ്പിക്കുന്നതിൽ സിബിഐ പരാജയമാണെന്ന പൊതുധാരണ രൂപപ്പെട്ടിട്ടുണ്ടെന്ന് സുപ്രീംകോടതി. ഏറ്റെടുത്ത കേസില്‍ എത്രയെണ്ണം വിജയിപ്പിച്ചെന്ന് വിശദമാക്കി ആറാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകാന് ജസ്റ്റിസുമാരായ എസ് കെ കൗളും എം എം സുന്ദരേഷും ഉൾപ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു.
പ്രോസിക്യൂഷൻ യൂണിറ്റ് ശക്തമാക്കാനെടുത്ത നടപടിയും അറിയിക്കണം. വിചാരണഘട്ടത്തിലുള്ള കേസുകളുടെ പട്ടിക വർഷം തിരിച്ച് വേണം. എത്രനാളായി ഈ കേസുകൾ കോടതിയിലെന്നും അറിയിക്കണം. മദ്രാസ് ഹൈക്കോടതി സിബിഐ ഡയറക്ടർക്ക് നൽകിയ പല നിർദേശങ്ങളും പാലിച്ചിട്ടില്ല–- കോടതി ചൂണ്ടിക്കാട്ടി. ജമ്മുകശ്മീരിലെ കേസിൽ സിബിഐ കള്ളസാക്ഷിയും കള്ളത്തെളിവുകളും സൃഷ്ടിച്ചെന്ന ഹർജിയിലാണ് ഇപ്പോഴത്തെ കോടതി ഇടപെടൽ.
കൂട്ടിലടച്ച തത്തയായ സിബിഐയെ കൂട്ടിൽനിന്ന് തുറന്നുവിടാൻ താൽപ്പര്യമുണ്ടെന്ന നിരീക്ഷണത്തോടെയാണ് മദ്രാസ് ഹൈക്കോടതി സിബിഐയ്ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത്. കേന്ദ്രം ഭരിക്കുന്ന പാർടിയുടെ ചട്ടുകമായി സിബിഐ തരംതാണതിനെ തുടർന്നായിരുന്നു മദ്രാസ് ഹൈക്കോടതി ഇടപെടല്‍. എന്നാൽ, ഇതിന് ശേഷവും സിബിഐ കൂട്ടിലടച്ച തത്തയായി തുടരുന്നുവെന്ന പരോക്ഷ നിരീക്ഷണമാണ് സുപ്രീംകോടതി നടത്തിയത്.