ശ്രീനഗർ
ഉത്തര കശ്മീരിൽ അതിർത്തി കടന്നെത്തിയ ഭീകരരുടെ എണ്ണത്തിൽ വൻ വർധനയെന്ന് സുരക്ഷാസേനാ വൃത്തങ്ങൾ. ബാരാമുള്ള, ബന്ധിപ്പോര, കുപ്വാര ജില്ലകളിൽ അമ്പതോളം വിദേശി ഭീകരർ ഉണ്ടെന്നാണ് വിവരം. തദ്ദേശീയരായ ഭീകരരുടെ എണ്ണം 11 മാത്രം. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ദക്ഷിണ കശ്മീരിനേക്കാൾ ഭീകരപ്രവർത്തനം ഉത്തരമേഖലയിൽ വർധിച്ച ആദ്യ കാലഘട്ടമാണ് ഇത്. രണ്ടു മാസമായി ഇത്തരം നീക്കങ്ങൾ സജീവമാണ്. താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതുമായി ഇതിന് ബന്ധമില്ല.
ജയ്ഷെ മുഹമ്മദ്, അൽ ബദർ, ലഷ്കറെ തയ്ബ, ദി റസിസ്റ്റൻസ് ഫ്രണ്ട് തുടങ്ങിയവയിലുൾപ്പെട്ട ഭീകരരെ ഈ വർഷം ആദ്യത്തോടെ സുരക്ഷാസേന വധിച്ചിരുന്നു. 2020ൽ 32 വിദേശ ഭീകരരെ വധിച്ചു. ഈ വർഷം ഒമ്പത് വിദേശികളടക്കം 102 ഭീകരരെ വധിച്ചു. 425 പേർ അറസ്റ്റിലായി. പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള എന്ന ലാംബൂ അടക്കമുള്ളവരെ വധിച്ചത് സുരക്ഷാസേനയ്ക്ക് വലിയ നേട്ടമായി.