കോഴിക്കോട്
നിപാ രോഗലക്ഷണമുള്ളവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതിനാലും പകർച്ച തടയാൻ പഴുതടച്ച സുരക്ഷ ഒരുക്കിയതിനാലും വൈറസ് വ്യാപനം കൂടാനിടയില്ലെന്ന് ആരോഗ്യ വിദഗ്ധർ. മരിച്ച മുഹമ്മദ് ഹാഷിമിന്റെ ഉമ്മയുൾപ്പെടെ രോഗ ലക്ഷണമുള്ള 11 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്.
സമ്പർക്ക പട്ടികയിൽ 251 പേരുണ്ട്. ഇതിൽ 129 പേർ ആരോഗ്യ പ്രവർത്തകരാണ്. 38 പേർ ചികിത്സയിലാണ്. ഹൈറിസ്ക് വിഭാഗത്തിൽ 54 പേരുണ്ട്. രോഗ ലക്ഷണമുള്ളവരിൽ എട്ടു പേരുടെ സാമ്പിളുകൾ പുണെ വൈറോളജി ലാബിലേക്ക് അയച്ചു. ഇതിന്റെ ഫലം ചൊവ്വ പുലർച്ചെ ലഭിക്കും. മറ്റ് മൂന്നുപേരുടെ സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ പുതിയതായി ആരംഭിച്ച വൈറോളജി ലാബിൽ പരിശോധിക്കും.
കോഴിക്കോടിനു പുറമെ മലപ്പുറം, കണ്ണൂർ സ്വദേശികളായ ആരോഗ്യ പ്രവർത്തകരും ഐസൊലേഷനിലുണ്ട്. ഇവരുടെയും ആരോഗ്യ നില തൃപ്തികരമാണ്. രോഗ്യവ്യാപനം കണ്ടെത്താനും തടയാനുമായി ഇ- ഹെൽത്ത് പോർട്ടൽ തുടങ്ങി. കോഴിക്കോട്ടെ 317 ആരോഗ്യ പ്രവർത്തകർക്ക് ഓൺലൈനായി നിപാ പ്രതിരോധ പ്രവർത്തനത്തിൽ പരിശീലനം നൽകി.
ഓസ്ട്രേലിയയിൽ നിന്ന് മോണോക്ലോണൽ ആന്റി ബോഡി രണ്ടു ദിവസത്തിനുള്ളിൽ എത്തിക്കുമെന്ന് ഐസിഎംആർ ഉറപ്പു നൽകിയിട്ടുണ്ട്. മരിച്ച കുട്ടിയുടെ വീടിന്റെ പരിസരത്ത് മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും ചേർന്ന് പരിശോധിച്ചു. പഴംതീനി വവ്വാലുകൾ വരുന്ന രണ്ട് റമ്പൂട്ടാൻ മരങ്ങളും പ്രദേശത്ത് വവ്വാലുകളുടെ കേന്ദ്രവും കണ്ടെത്തി.
രോഗം കണ്ടുപിടിക്കാനും ചികിത്സ വേഗത്തിലാക്കാനുമുള്ള എല്ലാ സജ്ജീകരണവും ഒരുക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നിപാ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാൽ 48 മണിക്കൂർ കോഴിക്കാട് താലൂക്കിൽ കോവിഡ് വാക്സിനേഷൻ നിർത്തിവയ്ക്കും. എന്നാൽ ആന്റിജൻ, ആർടിപിസിആർ പരിശോധന നടക്കും.
മെഡിക്കൽ കോളേജിൽ വൈറോളജി ലാബ്; ഫലം മൂന്നര മണിക്കൂറിൽ
നിപാ രോഗബാധ സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ യുദ്ധകാലാടിസ്ഥാനത്തിൽ വൈറോളജി ലാബ് ക്രമീകരിച്ചു. പുണെ വൈറോളജി ലാബിൽനിന്ന് ഫലം ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കി എളുപ്പത്തിൽ ചികിത്സ ഉറപ്പാക്കാനാണിത്. പോയിന്റ് ഓഫ് കെയർ (ട്രൂനാറ്റ്) പരിശോധനയും ആർടിപിസിആർ പരിശോധനയും നടത്താനും സൗകര്യമുണ്ട്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അഭ്യർഥനയെ തുടർന്ന് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പ്രത്യേക സംഘമെത്തിയാണ് ലാബ് സജ്ജീകരിച്ചത്. തിങ്കൾ പകൽ 12ന് ലാബിന്റെ പ്രവർത്തനംതുടങ്ങി.
രോഗലക്ഷണമുള്ള 11 ൽ എട്ടുപേരുടെ സാമ്പിളുകൾ പുണെയിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ചൊവ്വാഴ്ച പുലർച്ചെ ലഭിക്കും. മൂന്നു പേരുടെ സാമ്പിളുകൾ മെഡിക്കൽ കോളേജിലെ ലാബിൽ പരിശോധിക്കും. ഫലത്തിനനുസരിച്ച് ചികിത്സ ആരംഭിക്കും. ഇവിടെ പരിശോധിക്കുന്ന സാമ്പിളുകൾ പുണെയിലും പരിശോധിക്കും.
ഭീതിയില്ലാതെ അതീവ ജാഗ്രതയോടെ നിപായെ നേരിടാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി മന്ത്രി വീണാ ജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തിങ്കളാഴ്ച മാത്രം 317 ആരോഗ്യ പ്രവർത്തകർക്ക് ഓൺലൈനായി പരിശീലനം നൽകിയെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരായ എ കെ ശശീന്ദ്രൻ, പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി, നിപ സ്പെഷ്യൽ ഓഫീസർ മുഹമ്മദ് വൈ സഫീറുള്ള, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.
നിയന്ത്രണം കര്ശനമായി പാലിക്കണം
നിപാ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ നിയന്ത്രണം പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി വീണാ ജോർജ് നിർദേശിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാവരും ജാഗ്രതപാലിക്കണമെന്നും ജനങ്ങൾ പരിഭ്രാന്തരാവരുതെന്നും മന്ത്രി പറഞ്ഞു
നിപാ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത ചാത്തമംഗലം പഞ്ചായത്ത് മുഴുവനായും മുക്കം നഗരസഭ, കൊടിയത്തൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ ചാത്തമംഗലം പഞ്ചായത്തിനോട് ചേർന്നുകിടക്കുന്ന മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള വാർഡുകളിലും കർശന നിയന്ത്രണം ഏർപ്പെടുത്തും. പഞ്ചായത്ത് –-വില്ലേജ് ഓഫീസുകൾ തുടങ്ങിയ അവശ്യ സർവീസുകൾ മാത്രമേ പ്രവർത്തിക്കൂ.