തിരുവനന്തപുരം
സംസ്ഥാന സർക്കാരിന്റെ അഭിമാനപദ്ധതിയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (ഐഎവി) ഇൻസ്റ്റിറ്റ്യൂട്ട് പരാജയമെന്ന് സ്ഥാപിക്കാൻ ഒരുവിഭാഗം മാധ്യമങ്ങളുടെ നീക്കം. തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ നിപാ അടക്കമുള്ള വൈറസ് രോഗങ്ങൾ സംബന്ധിച്ച പഠനം നടത്താനുള്ള ബയോ സേഫ്റ്റി ലെവൽ–-3 ലാബുകളുടെ നിർമാണം മാനദണ്ഡപ്രകാരം പുരോഗമിക്കുകയാണ്. ആദ്യഘട്ടമായ രോഗനിർണയത്തിനുത്തിള്ള വിഭാഗം സജ്ജമായി.
വളരെ കൃത്യതയോടും സൂക്ഷ്മതയോടും വേണം ലെവൽ –-3 ലാബ് നിർമിക്കേണ്ടത് എന്നാണ് ഐസിഎംആറിന്റെ മാർഗ നിർദേശം. നിലവിൽ ലെവൽ–-1, 2 ലാബുകളുടെ നിർമാണം പൂർത്തിയായി. ലെവൽ–-3 ലാബ് നിർമാണത്തിന് താൽപ്പര്യപത്രവും ക്ഷണിച്ചു. സാധാരണ ലാബുകൾ പോലെയല്ല വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ലാബുകളുടെ സജ്ജീകരണത്തിമെന്ന് ശാസ്ത്രബോധമുള്ളവർക്ക് അറിയാം.
വൈറസുകളെ കൈകാര്യം ചെയ്യുന്നതിനാൽ ലാബ് നിർമാണത്തിൽ അപാകം ഉണ്ടാകരുത്. സമയമെടുക്കുമെന്നത് സ്വാഭാവികമാണ്. വൈകാതെ ലാബുകൾ പ്രവർത്തനസജ്ജമാകുമെന്നും -ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പറഞ്ഞു.ഡോ. അഖിൽ സി ബാനർജി സ്ഥാനമൊഴിഞ്ഞതോടെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ(ആർജിസിബി) ശാസ്ത്രജ്ഞനായ ഡോ. ഇ ശ്രീകുമാറിനെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഐഎവി ഡയറക്ടറായി നിയമിച്ചിരുന്നു. ഉടൻ ഇദ്ദേഹം ചുമതല ഏറ്റെടുക്കും.