മനാമ > നീണ്ട പതിനെട്ട് വര്ഷത്തെ പ്രവാസം അവസാനിപ്പിച്ച് ബഹ്റൈന് പ്രതിഭ നേതാവ് ഡി സലീം നാട്ടിലേക്ക് മടങ്ങി. കേരളീയ സമാജത്തിന്റെ കോര് കമ്മിറ്റി അംഗമായും, ബഹ്റൈന് പ്രതിഭ രക്ഷാധികാരി സമിതി അംഗമായും ശ്രീ സലീം പ്രവര്ത്തിച്ചു.
ആലപ്പുഴയിലെ തൃക്കുന്ന പുഴക്കാരനായ ഡി സലീം പതിനെട്ട് വര്ഷവും കണ്സോളിഡേറ്റഡ് ഷിപ്പിംഗ് സര്വീസസ് കമ്പനിയിലാണ് ജോലി ചെയ്തത്. സൂപ്പര്വൈസറായാണ് ജോലിയില് നിന്നും പിരിയുന്നത്. ബഹ്റൈനിലെ സാംസ്കാരിക കലാ രംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാന് അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കേരളീയ സമാജത്തിലെ ആദ്യ സാഹിത്യ ക്യാമ്പിന്റെ കണ്വീനര് സലീം ആയിരുന്നു. പ്രവാസി എഴുത്തുകാര്ക്ക് സാഹിത്യത്തിലെ ചിരപ്രതിഷ്ഠി നേടിയ മറ്റു മലയാള സാഹിത്യകാരന്മാരുമായി ഇടപഴകാനും തങ്ങളുടെ എഴുത്തിനെ പുതിയ വഴികളിലേക്ക് തിരിച്ചു വിടാനും ക്യാമ്പ് സഹായിച്ചു.
സമാജം പുസ്തകോത്സവ കണ്വീനറായി പ്രവര്ത്തിച്ച ഡി. സലീം അതിനെ വന് വിജയമാക്കി കൊണ്ട് തന്റെ സംഘാടക മികവ് തെളിയിച്ചു. സമാജത്തിന്റെ സാഹിത്യ മാസിക ‘ജാലകത്തി’ ന്റെ പ്രഥമ കണ്വീനറുമായിരുന്നു. ബഹ്റിന് പ്രതിഭ വര്ഷാവര്ഷം നടത്തിവരുന്ന പാലറ്റ് എന്ന ചിത്രകലാ ക്യാമ്പിന്റെ പ്രഥമ കണ്വീനറു സലീമായിരുന്നു.
പ്രതിഭ ഉമുല് ഹസം യൂനിറ്റിലെ തന്റെ സഹപ്രവര്ത്തകരില് ഒരാളായ അകാലത്തില് അന്തരിച്ച സുധീറിന്റെ കുടുംബത്തെ സഹായിക്കാനുള്ള കമ്മിറ്റിയുടെ കണ്വീനറായി പ്രവര്ത്തിച്ചു. വായനയും എഴുത്തും പാര്ട്ടി സാഹിത്യവും. ചരിത്രവും ഏറെ ഇഷ്ടപ്പെടുന്ന ഇദ്ദേഹത്തിന്റെ നിരവധിയായ ലേഖനങ്ങള് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നാട്ടില് ശാസ്ത്ര സാഹിത്യ പരിഷത്ത്, ഇടത് പക്ഷ ബഹുജന സംഘടനകള് എന്നിവയില് പ്രവര്ത്തിച്ചിരുന്നു. സിപിഐഎം തൃക്കുന്ന പുഴ ലോക്കല് കമ്മിറ്റി താല്ക്കാലിക സെക്രട്ടറിയായും പ്രവര്ത്തിച്ചിട്ടുണ്ട്. പ്രവാസ ലോകത്ത് വലിയ സൗഹൃദത്തിന്റെ ഉടമയാണ്. അമ്മ, ഭാര്യ, എഞ്ചിനിയറായി ജോലി ചെയ്യുന്ന മകള് തീര്ത്ഥ എന്നിവരടങ്ങിയതാണ് കുടുംബം.