മുസഫർനഗർ
ജനകീയപോരാട്ട ചരിത്രത്തിൽ അവിസ്മരണീയ അധ്യായംരചിച്ച് മുസഫർനഗറിൽ അത്യുജ്വല തൊഴിലാളി –-കർഷകമുന്നേറ്റം. ലക്ഷങ്ങൾ അണിനിരന്ന റാലി കർഷകരുടെയും തൊഴിലാളികളുടെയും സമരവീര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും വിളംബരമായി. ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും ബിജെപി ഭരണത്തിനു അറുതിവരുത്താനുള്ള ശ്രമങ്ങളിൽ മുഴുകാൻ മുസഫർനഗർ ജിഐസി മൈതാനത്ത്ചേർന്ന കിസാൻ മഹാപഞ്ചായത്ത് ആഹ്വാനം ചെയ്തു. 25നു നടത്താനിരുന്ന ഭാരത്ബന്ദ് 27ലേയ്ക്കു മാറ്റാനും വൻവിജയമാക്കാനും മഹാപഞ്ചായത്ത് തീരുമാനിച്ചു.
മോദിസർക്കാരിന്റെ മൂന്ന് കാർഷികനിയമവും നിർദിഷ്ട വൈദ്യുതിബില്ലും പിൻവലിക്കണമെന്നും നിയമപരമായി മിനിമം താങ്ങുവില ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് 10 മാസമായി ഡൽഹി അതിർത്തികളിൽ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സംയുക്ത കിസാൻ മോർച്ച തൊഴിലാളി –-കർഷകമുന്നേറ്റം സംഘടിപ്പിച്ചത്. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽനിന്നെത്തിയ കർഷകർ മുസഫർനഗർ നഗരത്തെയാകെ രണഭൂമിയാക്കി. ചുവപ്പും പച്ചയും മഞ്ഞയും വർണങ്ങളിലുള്ള കൊടികളേന്തിയ തൊഴിലാളികളും കർഷകരും ജാതിമതഭേദങ്ങൾ വെടിഞ്ഞ് ഒത്തുചേർന്നു. ആയിരക്കണക്കിനു ദേശീയപതാകയും ഉയർന്നു.ബിജെപി സർക്കാരുകളുടെ വഞ്ചനയ്ക്കെതിരെ നാനാഭാഷകളിൽ മുദ്രാവാക്യം മുഴങ്ങി. തൊഴിലാളി–കർഷക ഐക്യം രാജ്യത്തിന്റെ നിലനിൽപ്പിനു അനിവാര്യമാണെന്ന് റാലി പ്രഖ്യാപിച്ചു. കനത്ത മഴയ്ക്കുപിന്നാലെ പൊള്ളുന്ന ചൂടായിരുന്നു ഞായറാഴ്ച. പൊതുയോഗം അവസാനിക്കുംവരെ മണിക്കൂറുകളോളം കർഷകർ മൈതാനത്ത് തുടർന്നു.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് എത്തിയവരിൽ കൂടുതലും. ബംഗാൾ, ബിഹാർ, കേരളം, തമിഴ്നാട്, കർണാടകം, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നും പ്രതിനിധിസംഘങ്ങളെത്തി. സ്ത്രീ–-യുവജന സാന്നിധ്യം ശ്രദ്ധേയമായി. നൂറുകണക്കിനു കേന്ദ്രങ്ങളിൽ ഭക്ഷണം സൗജന്യമായി വിതരണം ചെയ്തു. മെഡിക്കൽ ക്യാമ്പുകളും പ്രവർത്തിച്ചു.
ഹന്നൻ മൊള്ള, രാകേഷ് ടിക്കായത്ത്, നരേഷ് ടിക്കായത്ത്, ധർമേന്ദ്ര മലിക്, മേധ പട്കർ, യോഗേന്ദ്ര യാദവ്, ഡോ. ദർശൻപാൽ, ഗുർണാംസിങ് ചടൂണി എന്നിവരടക്കം സംയുക്ത കിസാൻമോർച്ച നേതാക്കൾ സംസാരിച്ചു.