കോഴിക്കോട്
മൂന്നു വർഷത്തിനു ശേഷം കോഴിക്കോടിനെ മുൾമുനയിലാക്കി വീണ്ടും നിപാ മരണം. ചാത്തമംഗലം പാഴൂർ മുന്നൂരിൽ മുഹമ്മദ് ഹാഷിം (12) ആണ് ഞായറാഴ്ച പുലർച്ചെ മരിച്ചത്. കുട്ടിയുടെ ഉമ്മയും പരിശോധിച്ച ഡോക്ടറും കളിക്കൂട്ടുകാരനുമടക്കം ആറു പേർക്ക് രോഗലക്ഷണങ്ങളുണ്ട്.
രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട്ട് ആരോഗ്യവകുപ്പ് യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധ പ്രവർത്തനം തുടങ്ങി. നിരീക്ഷണത്തിലായ 20 പേരെ പ്രത്യേകം തയ്യാറാക്കിയ നിപാ വാർഡിലേക്ക് മാറ്റി. റൂട്ട് മാപ്പും 188 പേരുടെ സമ്പർക്ക പട്ടികയും തയ്യാറായി. മന്ത്രി വീണാ ജോർജ് സ്ഥലത്ത് ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വൈറസ് ബാധ റിപ്പോർട്ടുചെയ്ത ചാത്തമംഗലത്ത് മൂന്നു കിലോമീറ്റർ ചുറ്റളവിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് നിയന്ത്രണം ഏർപ്പെടുത്തി. മെഡിക്കൽ കോളേജിൽ പ്രത്യേക വാർഡും തുറന്നു.
ആഗസ്ത് 28നാണ് മുഹമ്മദ് ഹാഷിമിന് പനി ബാധിച്ചത്. വിവിധ സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്കു ശേഷം 31നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. ബുധനാഴ്ച ബന്ധുക്കളുടെ ആവശ്യപ്രകാരം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഐസൊലേറ്റഡ് ഐസിയുവിലെ ചികിത്സക്കിടെ ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നു. നിപാ ലക്ഷണം കണ്ടതിനെ തുടർന്നാണ് സാമ്പിൾ പരിശോധനക്കയച്ചത്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ച മൂന്ന് സാമ്പിൾ പരിശോധനാ ഫലവും ശനിയാഴ്ച രാത്രിയോടെ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു.
ഉടൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ രാത്രിതന്നെ അടിയന്തര യോഗം ചേർന്ന് ആക്ഷൻ പ്ലാൻ തയ്യാറാക്കി. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു തീരുമാനം. പക്ഷേ പുലർച്ചെ 4.45ഓടെ മരിച്ചു. വൈറസിന്റെ ഉറവിടം വ്യക്തമല്ല. വീട്ടിലെ ആടിന് രണ്ടരമാസം മുമ്പ് അസുഖം ബാധിച്ചിരുന്നു. വീട്ടിലുള്ള വവ്വാൽ കടിച്ച റബൂട്ടാൻ പഴം ഹാഷിം എടുത്തിരുന്നോയെന്ന സംശയവും സമീപവാസിക്കുണ്ട്. കോഴിക്കോടിനു പുറമെ മലപ്പുറം, കണ്ണൂർ ജില്ലകളിലും ജാഗ്രതാ നിർദേശമുണ്ട്.
കലക്ടറേറ്റിൽ അവലോകന യോഗത്തിൽ വീണാ ജോർജിനെ കൂടാതെ, മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവരും പങ്കെടുത്തു. വായോളി അബൂബക്കറിന്റെയും വാഹിദയുടെയും ഏക മകനാണ് മരിച്ച 12 കാരൻ.
ആടോ റമ്പൂട്ടാനോ
കോഴിക്കോട്ടെ നിപാ മരണത്തിൽ വൈറസിന്റെ ഉറവിടം തേടി ആരോഗ്യവകുപ്പ്. പ്രഭവകേന്ദ്രം വീടായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. മരിച്ച മുഹമ്മദ് ഹാഷിമിന്റെ വീട്ടിലെ ആടുകളിലൊന്ന് രണ്ടരമാസം മുമ്പ് രോഗം ബാധിച്ച് ചത്തിരുന്നു. ആടിനെ പരിപാലിച്ചത് കുട്ടിയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ മൃഗസംരക്ഷണ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. പറമ്പിലെ റമ്പൂട്ടാൻപഴവും കുട്ടി കഴിച്ചിരുന്നതായാണ് വിവരം. ഇതിൽ നിന്നാണോ വൈറസെത്തിയതെന്നും സംശയമുണ്ട്. മരച്ചുവട്ടിൽ വവ്വാൽ കടിച്ച പഴങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യ വിദഗ്ധരുടെ കൃത്യമായ പരിശോധനയിലേ യഥാർഥ ഉറവിടം കണ്ടെത്താനാവൂ. പരിസരങ്ങളിൽ സമീപകാലത്തുണ്ടായ മരണങ്ങളും ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്.
കോഴിക്കോട് പിഎസ്സി പരീക്ഷ മാറ്റി
നിപായെത്തുടർന്ന് കോഴിക്കോട് ജില്ലയിൽ പിഎസ്സി നടത്താൻ തീരുമാനിച്ച പരീക്ഷ മാറ്റിവച്ചു. കോഴിക്കോട് മേഖലാ ഓഫീസിൽ തിങ്കൾ മുതൽ നടത്താനിരുന്ന ഡ്രൈവർ തസ്തികയുടെ പ്രായോഗിക പരീക്ഷയാണ് മാറ്റിയത്.ജില്ലാ ഓഫീസിൽ തിങ്കൾ മുതൽ വെള്ളിവരെ നടത്തേണ്ട സർട്ടിഫിക്കറ്റ് പരിശോധനയും സർവീസ് പരിശോധനയും അഭിമുഖങ്ങളും മാറ്റി. പുതിയ തീയതി പിന്നീട്. കൊല്ലം, എറണാകുളം മേഖലാ ഓഫീസുകളിൽ നിശ്ചയിച്ച ഡ്രൈവർ തസ്തികയിലേക്കുള്ള പ്രായോഗിക പരീക്ഷകൾക്ക് മാറ്റമില്ല.കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (അറബിക്), തസ്തികയിലേക്ക് ചൊവ്വാഴ്ച നടത്താനിരുന്ന വിവരണാത്മക പരീക്ഷയും മാറ്റി.