കാബൂൾ
താലിബാനുള്ളിൽ അധികാരത്തർക്കം രൂക്ഷമായെന്നും സംഘർഷത്തിനിടെ രാഷ്ട്രീയ മേധാവി മുല്ല അബ്ദുൾ ഗനി ബറാദറിന് വെടിയേറ്റതായും റിപ്പോർട്ട്. അധികാരം പിടിച്ച് മൂന്നാഴ്ച പിന്നിട്ടിട്ടും അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ രൂപീകരണം വൈകുന്നത് താലിബാനും തീവ്ര നിലപാടുകാരായ ഹഖാനി ശൃംഖലയും തമ്മിലുള്ള അധികാര വടംവലി കാരണമാണന്നും പഞ്ച്ശീർ ഒബ്സേർവർ റിപ്പോർട്ട് ചെയ്തു. ബറാദറും അനസ് ഹഖാനിയും തമ്മിൽ വാക്കേറ്റമുണ്ടായെന്നും തുടർന്നുണ്ടായ വെടിവയ്പിൽ ബറാദറിന് പരിക്കേറ്റെന്നുമാണ് പഞ്ച്ശീർ ഒബ്സേർവർ ട്വീറ്റ് ചെയ്തത്. ബറാദർ പാകിസ്ഥാനിൽ ചികിത്സയിലാണെന്നും റിപ്പോർട്ടിലുണ്ട്. താലിബാൻ പ്രതികരിച്ചിട്ടില്ല.
ബറാദറിന് സാരമായി പരിക്കേറ്റതായി പാഞ്ച്ശീറിലെ വടക്കൻ സഖ്യവും പറഞ്ഞു. അതേസമയം, താലിബാൻ ക്ഷണിച്ചിട്ടാണ് പാക് ചാരസംഘടന ഐഎസ്ഐയുടെ തലവൻ ഫൈസ് ഹമീദ് കാബൂളിലെത്തിയതെന്ന് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ബറാദറിന് പകരം ഹഖാനിയെ സർക്കാർ തലപ്പത്ത് എത്തിക്കുകയാണ് ഫൈസിന്റെ ലക്ഷ്യമെന്ന് മുൻ അഫ്ഗാൻ എംപി മരിയം സുലൈമൻഖിൽ പറഞ്ഞു. സൈന്യത്തോട് പഞ്ച്ശീറിൽനിന്ന് പിൻവാങ്ങാൻ ബറാദർ ആവശ്യപ്പെട്ടിരുന്നതായും അവർ ട്വീറ്റ് ചെയ്തു.