ന്യൂഡൽഹി
ബംഗാളിലെ മൂന്നും ഒഡിഷയിലെ ഒരു നിയമസഭാ മണ്ഡലത്തിലും 30ന് തെരഞ്ഞെടുപ്പ് . ബംഗാളിലെ ഭബാനിപുർ, ഷംസേർഗഞ്ച്, ജങ്കിപുർ മണ്ഡലങ്ങളിലും ഒഡിഷയിലെ പിപ്ലിയിലുമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. നന്ദിഗ്രാമിൽ പരാജയപ്പെട്ട മുഖ്യമന്ത്രി മമത ബാനർജിക്ക് നവംബർ അഞ്ചിനകം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടണം. മമതക്ക് മത്സരിക്കാനായി ഭബാനിപുരിലെ തൃണമൂൽ കോൺഗ്രസ് അംഗം രാജിവച്ച് ഒഴിവ് സൃഷ്ടിച്ചതാണ്. മറ്റ് രണ്ടിടത്ത് സ്ഥാനാർഥികളുടെ മരണത്തെതുടർന്നാണ് മേയിൽ തെരഞ്ഞെടുപ്പ് മാറ്റിയത്.
ഒഴിവുകൾ നികത്തണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് കോവിഡ് സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
അതേസമയം, വിവിധ സംസ്ഥാനങ്ങളിലെ മൂന്ന് ലോക്സഭാ മണ്ഡലത്തിലും 31 നിയമസഭാ മണ്ഡലത്തിലും തെരഞ്ഞെടുപ്പ് ഉടൻ നടക്കില്ല. കോവിഡ്, പ്രളയം, ഉത്സവകാലം എന്നിവ പ്രമാണിച്ച് അസൗകര്യം അറിയിച്ചതിനാലാണിത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കർശന കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി. ഒക്ടോബർ മൂന്നിനാണ് വോട്ടെണ്ണൽ.
ആന്ധ്രപ്രദേശ്, അസം, ബിഹാർ, ഹരിയാന, ഹിമാചൽപ്രദേശ്, മധ്യപ്രദേശ്, മേഘാലയ, രാജസ്ഥാൻ, തെലങ്കാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ദാദ്ര നഗർ–-ഹവേലി, ദാമൻ–-ദിയു എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് വീണ്ടും നീട്ടിയത്.