ന്യൂഡൽഹി> ഉത്തർപ്രദേശും പഞ്ചാബും അടക്കം അഞ്ച് സംസ്ഥാനത്ത് അടുത്ത വർഷമാദ്യം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടർ പട്ടികയിൽ കൃത്യത വരുത്തണമെന്ന് ആവശ്യപ്പെട്ട് 100 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ കേന്ദ്ര തെരഞ്ഞെടുപ്പുകമീഷന് തുറന്ന കത്തയച്ചു. ഭരണഘടനാ നിർവഹണ ഗ്രൂപ്പ് (സിസിജി) എന്നപേരിൽ കെ പി ഫാബിയൻ, ജി കെ പിള്ള, പി ജോയ് ഉമ്മൻ, എം ജി ദേവസഹായം, വജാഹത്ത് ഹബീബുള്ള, ഹർഷ് മെന്ഥർ, അരുണാറോയ്, സുജാത സിങ്, പി എസ് എസ് തോമസ്, ശോഭ നമ്പീശൻ, സുരേന്ദ്രനാഥ്, നജീബ് ജുങ്, ടി ആർ രഘുനന്ദൻ, ജി ബാലചന്ദ്രൻ, ജൂലിയോ റിബേറോ, സി ബാബു രാജീവ് തുടങ്ങിയവരാണ് തുറന്ന കത്തയച്ചത്.
പിന്നോക്ക–- ദുർബല വിഭാഗത്തിൽനിന്നുള്ളവർ വോട്ടർ പട്ടികയിൽനിന്ന് തുടർച്ചയായി ഒഴിവാക്കപ്പെടുന്നു. ദുർബല വിഭാഗങ്ങളെ ഉൾപ്പെടുത്തുന്നതിൽ പ്രത്യേക ശ്രദ്ധചെലുത്തി വോട്ടർ പട്ടിക കൃത്യമാക്കണം. ഭവനരഹിതർക്ക് പ്രത്യേക ചട്ടംകൊണ്ടുവരണം. വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് വോട്ടർമാർക്ക് ഉറപ്പുവരുത്താനാകണം. വോട്ടർമാർ അറിയാതെ പേര് നീക്കം ചെയ്യാനാകരുത്. വോട്ടർ തിരിച്ചറിയൽ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.