ഗൂഗിളിന്റെയും ആപ്പിളിന്റെയും നയങ്ങൾക്കെതിരേ ശബ്ദമുയർത്തി ഇന്ത്യൻ സ്റ്റാർട്ട് അപ്പുകൾ. മൊബൈൽ ആപ്ലിക്കേഷനുകൾക്കുള്ളിലെ പണമിടപാടുകൾക്ക് തങ്ങളുടെ തന്നെ പേമന്റ് സംവിധാനങ്ങൾ ഉപയോഗിക്കാൻ ആപ്പ് ഡെവലപ്പർമാർക്ക് മേൽ ഗൂഗിളും ആപ്പിളും സമ്മർദം ചെലുത്തുന്നതിനും മത്സരാധിഷ്ഠിത വിപണിക്ക് അവസരം നൽകാതിരിക്കുകയും ചെയ്‌യുന്നതിനെതിരെയാണ് ഇന്ത്യൻ സ്റ്റാർട്ട് അപ്പ് കമ്പനികൾ രംഗത്തുവന്നിരിക്കുന്നത്.
സ്വന്തം പേമെന്റ് ബില്ലിങ് സംവിധാനങ്ങൾ ഉപയോഗിക്കാൻ ഡെവലപ്പർമാരെ നിർബന്ധിക്കുന്നത് കൂടാതെ ഇടപാടുകൾക്ക് 30 ശതമാനം കമ്മീഷനും ആപ്പിളും, ഗൂഗിളും ഈടാക്കുന്നുണ്ട്. ഉയർന്ന നിരക്ക് താങ്ങാനാകാത്ത കമ്പനികൾക്ക് മറ്റ് പേമെന്റ്/ബില്ലിങ് പ്ലാറ്റ്ഫോമുകളെ ആശ്രയിക്കാൻ അവസരത്തിന് തടയിടുകയാണ് ഈ കുത്തക കമ്പനികൾ. മറ്റ് പേമെന്റ് പ്രൊവൈഡർമാർക്ക് വിപണിയിൽ മത്സരിക്കാനുള്ള സാധ്യതയും ഇല്ലാതാക്കുന്നു.
“അനിയന്ത്രിതമായ നിയമങ്ങളും നയങ്ങളും നടപ്പിലാക്കുന്നതിന് ഈ പ്ലാറ്റ്ഫോമുകൾ വിപണികളിലെ അവരുടെ പ്രബല സ്ഥാനം ദുരുപയോഗം ചെയ്‌യുകയാണ്. 30 % എന്ന ഉയർന്ന നിരക്ക് ഈടാക്കുന്നു എന്നതിനേക്കാൾ അവരുടെ അന്യായമായ നിലപാടുകളും നയങ്ങളുമാണ് തങ്ങൾ എതിർക്കുന്നത്”, ഇന്ത്യൻ സ്റ്റാർട്ട് അപ്പ് കമ്പനികളുടെ കൂട്ടായ്മയായ അലയൻസ് ഓഫ് ഡിജിറ്റൽ ഇന്ത്യ ഫൗണ്ടേഷൻ (ആഡിഫ്) എക്സിക്യൂട്ടീവ് ഡയറക്‍ടർ സിജോ കുരുവിള മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
വിപണിയിലെ മത്സരം ന്യായമായിരിക്കണം. വില നിർണയിക്കേണ്ടത് റെഗുലേറ്റർമാരോ ഗൂഗിളോ ആപ്പിളോ അല്ല അത് വിപണിക്ക് വിട്ടുകൊടുക്കണം. ന്യായവും മത്സരാധിഷ്ഠിതവുമായ വിപണികളിൽ മാത്രമേ പുതുമ വളരുകയുള്ളൂ എങ്കിൽ മാത്രമേ. സുസ്ഥിരമായ വിജയം ഉപഭോക്താവിനും കമ്പനികൾക്കും വിപണികൾക്കും ഉണ്ടാവുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആൻഡ്രോയിഡ് ആപ്ലിക്കേഷനുകൾക്കുള്ളിലെ പണമിടപാടുകൾക്ക് ഉയർന്ന കമ്മീഷൻ ഈടാക്കാനുള്ള ഗൂഗിളിന്റെ നീക്കത്തിനെതിരെ രൂപീകൃതമായ സംഘടനയാണ് ആഡിഫ്. 350 ലേറെ അംഗങ്ങളുള്ള സംഘടനയിൽ പേടിഎം, ഭാരത് മാട്രിമോണി ഉൾപ്പടെയുള്ള മുൻനിര ഇന്ത്യൻ കമ്പനികളും ഭാഗമാണ്.
ആപ്പ് ഡെവലപ്പർമാർക്ക് പേമെന്റ് സേവനങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരം ഉറപ്പാക്കുന്നതിനും ന്യായമായ വിപണി സമ്പ്രദായങ്ങളും പരാതി പരിഹാര സംവിധാനവും ഉറപ്പുവരുത്തുന്നതിനുമായി ദക്ഷിണ കൊറിയൻ മാതൃകയിൽ സാങ്കേതിക വിദ്യാരംഗത്തെ കുത്തക കമ്പനികൾക്കെതിരേ നിയമനിർമാണം വേണമെന്നാണ് സ്റ്റാർട്ട് അപ്പുകളുടെ ആവശ്യം.
രാജ്യത്തെ ഭൂരിഭാഗം സ്റ്റാർട്ട് അപ്പുകളും ഈ കമ്പനികളുടെ നയങ്ങളിൽ പ്രയാസം അനുഭവിക്കുന്നുണ്ട്. ഇന്ത്യൻ കോമ്പറ്റീഷൻ കമ്മീഷൻ ഈ വിഷയം ഏറ്റെടുത്തിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞതെന്നും നമ്മുടെ രാജ്യത്ത് ദക്ഷിണകൊറിയയ്‍ക്ക് സമാനമായ ഒരു നിയമനിർമാണം കൊണ്ടുവരുന്നതിന് സർക്കാർ കേന്ദ്രങ്ങളുമായി ആഡിഫ് നിരന്തര ഇടപെടൽ നടത്തുമെന്നും സിജോ കുരുവിള വ്യക്തമാക്കി.
Content Highlights: Indian start-ups raise voice against Google and Apple