അലഹബാദ്
ഓക്സിജൻ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഏക മൃഗമാണ് പശുവെന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർകുമാർ യാദവ്. പശുവിനെ കശാപ്പ് ചെയ്തെന്ന കേസില്‍ സംഭൽ സ്വദേശിക്ക് ജാമ്യം നിഷേധിച്ച ഉത്തരവിലാണ് പരാമർശം. ഇതേ ഉത്തരവില്‍തന്നെ പശുവിനെ ദേശീയ മൃഗമാക്കണമെന്ന് ജഡ്ജി നിര്‍ദേശിച്ചത് നേരത്തെ തലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു.പശു ഓക്സിജന്‍ പുറംതള്ളുന്നുവെന്ന വാദം ശാസ്ത്രസമൂഹം തള്ളിയതാണ്.
പശുസംരക്ഷണം ഹിന്ദുക്കളുടെ മൗലികാവകാശമാക്കണമെന്നും ജഡ്ജി ഉത്തരവിൽ പറയുന്നു. “പശുവിനെയോ കാളയെയോ കൊല്ലുന്നത് മനുഷ്യനെ കൊല്ലുന്നതിനു സമാനമാണെന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്. എന്നെ കൊന്നാലും പശുവിനെ ഉപദ്രവിക്കരുതെന്നാണ് ബലാഗംഗാധര തിലകൻ പറഞ്ഞത്. മദൻ മോഹൻ മാളവ്യയും ഗോവധത്തെ എതിർത്തു’ ഉത്തരവിൽ പറയുന്നു.