കരുനാഗപ്പള്ളി
വള്ളംമറിഞ്ഞ് നാലു മത്സ്യത്തൊഴിലാളികൾ മരിച്ചതിന് പിന്നാലെ ആലപ്പാട് കുഴിത്തുറയ്ക്കു സമീപം വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു. ‘പാട്ടുത്സവം’ എന്ന ഫൈബർ കാരിയർ വള്ളമാണ് ആലപ്പാട് കുഴിത്തുറയ്ക്ക് പടിഞ്ഞാറുഭാഗത്ത് വെള്ളി പകൽ 2.30ന് അപകടത്തിപ്പെട്ടത്.
മറ്റുവള്ളങ്ങളിൽനിന്ന് മത്സ്യംശേഖരിച്ച് കരയിലേക്കു മടങങുന്നതിനിടെ ശക്തമായ തിരയിൽപ്പെടുകയായിരുന്നു. മറിഞ്ഞ വള്ളത്തിൽ പിടിച്ചുകിടന്ന വള്ളം ഉടമ ചെറിയഴീക്കൽ മാമ്മൂട്ടിൽ കനകൻ (48), കാട്ടിൽതെക്കതിൽ സന്തോഷ് (34), വടക്കേയറ്റത്ത്, സബീഷ് (34) എന്നിവരെ സമീപത്തുണ്ടായിരുന്ന വള്ളക്കാരും മറൈൻ എൻഫോഴ്സ്മെന്റും ചേർന്ന് കരയ്ക്കെത്തിച്ചു. ഇവർ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. വള്ളവും എൻജിനും ഉൾപ്പെടെ തകർന്നു.
വലിയഴീക്കൽ ബോട്ടപകടം : പരിക്കേറ്റവരെ റവന്യു മന്ത്രി സന്ദർശിച്ചു
വലിയഴീക്കലിൽ വള്ളംമറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിന് എല്ലാസഹായങ്ങളും സർക്കാർ ചെയ്യുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. പരിക്കേറ്റ് കായംകുളം ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകും. നിരന്തരം അപകടം ഉണ്ടാകുന്ന മേഖലയാണെങ്കിൽ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കും. സംഭവം ഉണ്ടായ സമയം മുതൽ സർക്കാർ സത്വര നടപടി സ്വീകരിച്ചു. നാല് മന്ത്രിമാർ സ്ഥലവും അപകടത്തിൽപെട്ടവരുടെ വീടും സന്ദർശിച്ചു. ചികിത്സയിൽ കഴിയുന്നവർക്ക് അവശ്യമായ സഹായം നൽകാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായമായി 10,000 രൂപ നൽകി. ആശുപത്രിയിൽ കഴിയുന്നവർക്ക് 5000 രൂപ വീതം നൽകി. മറ്റു സഹായങ്ങൾ നൽകുന്നത് സംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുക്കും. ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും തുടർ ചികിത്സയ്ക്ക് ആവശ്യമായ നടപടികൾക്കായി മെഡിക്കൽ സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. അഡ്വ. യു പ്രതിഭ എംഎൽഎ, നഗരസഭ ചെയർപേഴ്സൺ പി ശശികല തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.