തിരുവനന്തപുരം
രാജ്യത്ത് ആദ്യമായി യുവതയ്ക്കുമാത്രമായുള്ള സഹകരണ സംഘങ്ങൾ കേരളത്തിൽ പ്രവർത്തനം തുടങ്ങുന്നു. 26 സംഘങ്ങളാണ് ആറിന് പ്രവർത്തനം ആരംഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് സംരംഭക സഹകരണ സംഘത്തിലാണ് സംസ്ഥാനതല ചടങ്ങ്. സർക്കാരിന്റെ 100 ദിന പരിപാടിയിൽ 25 സംഘമാണ് ലക്ഷ്യമിട്ടത്. 26 എണ്ണം രജിസ്റ്റർ ചെയ്തതായി മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
യുവശക്തി ഗുണപരമായി ഉപയോഗിക്കുകയാണ് ലക്ഷ്യം. ആശയം പരിശോധിച്ചാണ് സംഘങ്ങളെ തെരഞ്ഞെടുത്തത്. വായ്പാ പ്രവർത്തനങ്ങളില്ല. സംരംഭക ചുമതലയാകും. 18നും 45നും ഇടയിലുള്ളവർക്കാണ് അംഗത്വം. ഐടി, നിർമാണം, കാർഷികം, മാലിന്യ നിർമാർജനവും പുനരുപയോഗവും, സിനിമ തുടങ്ങിയ മേഖലകളിലാണ് പ്രവർത്തനം. കൂടുതൽ രജിസ്റ്റർ ചെയ്യുന്ന മുറയ്ക്ക് പ്രവർത്തനപരിധി പരിമിതപ്പെടുത്തും.
കാർഷികമേഖലയിൽ കൂടുതൽ സഹകരണ സംരംഭങ്ങൾ ആരംഭിക്കും. പാലക്കാട്, കോട്ടയം നെൽ സംഘങ്ങൾ പ്രാവർത്തികമായി. സ്വകാര്യ മില്ലുകാരുടെ ചൂഷണം ഒഴിവാക്കാൻ നെൽ സംഘങ്ങൾ സഹായിക്കും. സംഭരിക്കുന്ന നെല്ല് അരിയാക്കി സപ്ലൈകോ ഔട്ട്ലെറ്റുവഴി വിൽക്കുമെന്നും മന്ത്രി പറഞ്ഞു. വി കെ പ്രശാന്ത് എംഎൽഎ, സഹകരണ സെക്രട്ടറി മിനി ആന്റണി, രജിസ്ട്രാർ പി ബി നൂഹ് എന്നിവരും പങ്കെടുത്തു.