ന്യൂഡൽഹി
ഡൽഹി കലാപക്കേസുകളിൽ നികുതിദായകരുടെ പണവും നീതിന്യായ സംവിധാനത്തിന്റെ സമയവും പൊലീസ് പാഴാക്കുകയാണെന്ന് കോടതി. വ്യാജവും ഹൃദയശൂന്യവും ഉദാസീനവുമായ അന്വേഷണമാണ് ഡൽഹി പൊലീസിന്റെതെന്നും ലഹളക്കേസിൽ മൂന്നുപേരെ വിട്ടയച്ച വിധിന്യായത്തിൽ അഡീഷണൽ സെഷൻസ് ജഡ്ജി വിനോദ് യാദവ് വ്യക്തമാക്കി. യഥാസമയം വിചാരണ നടക്കാത്തതിനാൽ ഒന്നരവർഷമായി ഒട്ടേറെ പ്രതികൾ ജയിലിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.
യഥാർഥ പ്രതികളെ കണ്ടെത്തുന്നില്ല. കോൺസ്റ്റബിൾമാർ കുറച്ച് മൊഴിയുമായി വന്നാൽ അന്വേഷണമാകില്ല. ഉയർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഉത്തരവാദിത്വബോധത്തോടെ അന്വേഷിക്കണം. കലാപ ഇരകളുടെ വേദന മാനിക്കുന്നില്ല. സ്വാതന്ത്ര്യാനന്തര ഡൽഹിയിലുണ്ടായ ഏറ്റവും വലിയ വർഗീയകലാപത്തിൽ ശരിയായ അന്വേഷണം നടത്തുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്നത് ജനാധിപത്യത്തിന്റെ കാവൽഭടന്മാരെ വേദനിപ്പിക്കും––വിധിന്യായത്തിൽ പറഞ്ഞു.കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഴുനൂറ്റമ്പതിൽപ്പരം കേസിൽ 150 മാത്രം കോടതിയിൽ എത്തി. 35ൽ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.