ന്യൂയോര്ക്ക്
അമേരിക്കയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഐഡ ചുഴലിക്കാറ്റിനെത്തുടര്ന്നണ്ടായ കനത്ത മഴയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 46 ആയി. ന്യൂയോര്ക്കിലും ന്യൂജേഴ്സിയിലുമാണ് വ്യാപക നാശനഷ്ടം ഉണ്ടാക്കിയിരിക്കുന്നത്. ന്യൂജേഴ്സിയില്മാത്രം 23 മരണം റിപ്പോര്ട്ട് ചെയ്തു. ന്യൂയോര്ക്കില് 13 പേര് മരിച്ചെന്നാണ് ഔദ്യോഗിക വിവരം. പെന്സില്വാനിയ, മാരിലാന്ഡ് എന്നിവിടങ്ങളിലും മരണങ്ങള് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. കെട്ടിടങ്ങളുടെ ബെയ്സ്മെന്റിലും കാറുകളിലും കുടുങ്ങിക്കിടന്നവരാണ് മരിച്ചവരില് അധികവും.
വിവിധയിടങ്ങളില് കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. അവശ്യസേവനങ്ങളൊഴികെയുള്ള ഗതാഗതം പൂര്ണമായും നിര്ത്തി. കുത്തിയൊലിക്കുന്ന വെള്ളത്തിലൂടെ ഒഴുകിനടക്കുന്ന കാറുകളുടെ ദൃശ്യം പുറത്തുവന്നു. ട്രാക്കുകളും പ്ലാറ്റ്ഫോമുകളും വെള്ളത്തിനടിയിലായതിനെത്തുടര്ന്ന് റെയില്ഗതാഗതവും നിര്ത്തി. റെണ്വേയില് വെള്ളം കയറിയതിനാല് ന്യൂയോര്ക്കില്നിന്നും ന്യൂജേഴ്സിയില്നിന്നുമുള്ള നൂറുകണക്കിനു വിമാന സര്വീസുകള് റദ്ദാക്കി.