മംഗളൂരു > സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതുമൂലം കേരളത്തിൽനിന്ന് കർണാടകത്തിലെത്തുന്നവർക്ക് സ്ഥാപന കോവിഡ് സമ്പർക്കവിലക്കിന്റെ കാര്യത്തിൽ ആശയക്കുഴപ്പം. കർണാടക സർക്കാർ ഒടുവിൽ ഇറക്കിയ ഉത്തരവുപ്രകാരം, കേരളത്തിൽനിന്നെത്തുന്ന എല്ലാ വിദ്യാർഥികളും ജോലിക്കാരും 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. രണ്ടു ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്കും ഇത് ബാധകമാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർഥികളെ ഒരാഴ്ചത്തെ സ്ഥാപന സമ്പർക്കവിലക്കിൽ പ്രവേശിപ്പിക്കണം. ജീവനക്കാരെ സമ്പർക്കവിലക്കിൽ പ്രവേശിപ്പിക്കേണ്ട ഉത്തരവാദിത്വം അതത് കമ്പനികൾക്കാണ്. ഏഴാംദിനം നടത്തുന്ന ആർടിപിസിആർ പരിശോധന നെഗറ്റീവായാൽ പുറത്തിറങ്ങാം.
സമ്പർക്കവിലക്കിൽ കഴിയുന്നതിനിടെ കോവിഡ് ലക്ഷണം കണ്ടാൽ ഉടൻ ആർടിപിസിആർ പരിശോധന നടത്തണം. പോസിറ്റീവാകുന്നവരെ കോവിഡ് കെയർ സെന്ററിലേക്ക് മാറ്റണം. വിദ്യാർഥികളും ജോലിക്കാരുമല്ലാത്തവർ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയശേഷം ഏഴു ദിവസം വീട്ടിൽ സമ്പർക്കവിലക്കിൽ കഴിയണം.
ഭരണഘടനാ ചുമതലയുള്ളവർ, ആരോഗ്യപ്രവർത്തകരും കുടുംബാംഗങ്ങളും, രണ്ടു വയസ്സിനുതാഴെയുള്ള കുട്ടികൾ, അടിയന്തര ആവശ്യങ്ങൾക്ക് (മരണം, ചികിത്സ തുടങ്ങിയവ) വരുന്നവർ, ഹ്രസ്വ സന്ദർശനത്തിന് എത്തുന്നവർ (പരാമവധി മൂന്ന് ദിവസം), മൂന്നു ദിവസത്തിനുള്ളിലുള്ള പരീക്ഷയ്ക്ക് വരുന്ന വിദ്യാർഥികളും രക്ഷിതാക്കളും (ഒരു വിദ്യാർഥിക്കൊപ്പം ഒരു രക്ഷിതാവ്), കർണാടക വഴി മറ്റ് സംസ്ഥാനങ്ങളിലേക്കും തിരിച്ച് കേരളത്തിലേക്കും യാത്രചെയ്യുന്നവർ എന്നീ വിഭാഗങ്ങളെ നിർബന്ധിത സമ്പർക്കവിലക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കേരളവുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ കന്നഡ, കുടക് ജില്ലകളിൽ രാത്രി കർഫ്യൂ, വാരാന്ത്യ കർഫ്യൂ എന്നിവ തുടരും. ആശുപത്രിയിലേക്കും വിമാനത്താവളത്തിലേക്കുമുള്ള അത്യാവശ്യ യാത്രക്കാരെമാത്രമേ ഈ സമയം പ്രവേശിപ്പിക്കൂ.