തിരുവനന്തപുരം > ടാറ്റാ മോട്ടോഴ്സ് കെഎസ്ആർടിസിക്ക് സൗജന്യമായി നൽകിയ ബസ് ഷാസി മന്ത്രി ആന്റണി രാജു ഏറ്റുവാങ്ങി. കെഎസ്ആർടിസി നിരത്തിലിറക്കാനുദ്ദേശിക്കുന്ന ബിഎസ്6 മാനദണ്ഡങ്ങൾ പാലിക്കുന്ന ഡീസൽ ബസുകളെ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് കൈമാറ്റം. ടാറ്റാ മോട്ടോഴ്സ് റീജണൽ മാനേജർ അജയ് ഗുപ്തയാണ് ഷാസി കൈമാറിയത്. കെഎസ്ആർടിസി എംഡി ബിജുപ്രഭാകർ അധ്യക്ഷനായി.
നൂതന സാങ്കേതിക വിദ്യകളോടുകൂടിയ പുതിയ ബസ് ഷാസിയിൽ കെഎസ്ആർടിസി ബോഡി നിർമിക്കും. കെഎസ്ആർടിസിയുടെ ആദ്യ ബിഎസ്6 ബസാണിത്. കെഎസ്ആർടിസി നിലവിൽ ആറ് സിലിണ്ടർ എൻജിൻ ബസുകളാണ് ഉപയോഗിക്കുന്നത്. ഇതിന് പകരമാണ് നാല് സിലിണ്ടർ എൻജിനുള്ള അത്യാധുനിക ശ്രേണിയിലുള്ള ബസ് പുറത്തിറക്കുന്നത്. ആറ് സിലിണ്ടർ എൻജിൻ ബസുകളിൽ 3.5 കിലോമീറ്റർവരെ മൈലേജ് ലഭിക്കുമ്പോൽ പുതിയ ബസിൽനിന്ന് അഞ്ച് കിലോമീറ്ററിലധികം മൈലേജ് ലഭിക്കുമെന്നാണ് പ്രതീക്ഷ.
പുതിയ ശ്രേണിയിലുള്ള ന്യൂ ജനറേഷൻ എൻജിൻ അന്തരീക്ഷ മലിനീകരണ തോത് ഗണ്യമായി കുറയ്ക്കും. ആറ് സ്പീഡ് ഗിയർ 750 ഓവർ ഡ്രൈവ് ഗിയർ ബോക്സോടുകൂടിയ ഈ വാഹനത്തിൽ കൂടുതൽ യാത്രാ സുഖവും ഇന്ധന ക്ഷമതയും ലഭ്യമാണ്. മികച്ച സൗകര്യങ്ങളോടുകൂടിയ ഡ്രൈവിങ് സീറ്റ്, ഗിയർ ഷിഫ്റ്റ് അഡ്വൈസർ, ടിൽട്ട് ടെലിസ്കോപ്പിക് സ്റ്റിയറിങ് എന്നിവ ഡ്രൈവർക്ക് സുഖകരവും സുരക്ഷിതവുമായ ഡ്രൈവിങ് ഉറപ്പാക്കും.