പാർട്ടിയിലെ ഐക്യം തകർക്കുന്ന പ്രസ്താവനകൾ ഒഴിവാക്കണമായിരുന്നു. എല്ലാവരുടെയും ഭാഗത്ത് നിന്ന് ഇത്തരം സമീപനം ഉണ്ടാകണം. ചെന്നിത്തലയെ പോലൊരാൾ ഇത്തരമൊരു പരാമർശത്തിലേക്ക് വഴുതി വീഴരുതായിരുന്നവെന്ന അഭിപ്രായം തനിക്കുണ്ട്. സംസാരത്തിലും പ്രവർത്തനത്തിലും കൃത്യതയോടെ സമീപനം സ്വീകരിച്ച് എരിതീയിൽ എണ്ണ ഒഴിക്കുന്ന ഒരു വാചകം പോലും ഒരാളുടെ ഭാഗത്ത് നിന്ന് പോലും ഉണ്ടാകാതിരിക്കട്ടെ. സംഘടനയോട് ഇപ്പോൾ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തം ആണിതെന്നും സിദ്ദിഖ് പറഞ്ഞു.
എ ഗ്രൂപ്പ് നോമിനിയെ ഒഴിവാക്കി കോഴിക്കോട് ഡിസിസി പ്രസിഡൻ്റായി പ്രവീൺ കുമാറിനെ നിയമിച്ചതിൽ തനിക്കും പങ്കുണ്ട്. ഇക്കാര്യത്തിൽ ഗ്രൂപ്പ് പരിഗണയിൽ വന്നില്ല. പലരെയും പോലെ തന്നെ താനും പ്രവീണിനെയാണ് പിന്തുണച്ചത്. ഇക്കാര്യം തുറന്ന് പറയാൻ ആഗ്രഹിക്കുകയാണ്. ജില്ലയിൽ പാർട്ടിയെ നയിക്കാൻ കരുത്തുറ്റയാൾ പ്രവീൺ ആണെന്ന ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് പിന്തുണ നൽകിയതെന്നും കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൂടിയായ ടി സിദ്ദിഖ് കൂട്ടിച്ചേർത്തു.
തൻ്റെ കെപിസിസി വർക്കിങ് പ്രസിഡൻ്റ് സ്ഥാനം ഗ്രൂപ്പ് നിയമനമല്ല. മലബാർ രാഷ്ട്രീയം കൂടി പരിഗണിച്ചാണ് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട ചർച്ചയിൽ രാഹുൽ ഗാന്ധിയും എ കെ ആൻ്റണിയുമടക്കമുള്ള നേതാക്കൾ പങ്കെടുത്തിരുന്നു. എന്നാൽ താൻ വർക്കിങ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് എത്തിയതോടെ കനത്ത ആക്രമണമാണ് പാർട്ടിയിൽ നിന്ന് തന്നെ നേരിടേണ്ടി വന്നതെന്നും സിദ്ദിഖ് പറഞ്ഞു.
തങ്ങൾ അധികാരം കിട്ടിയപ്പോൾ ധാർഷ്ട്യത്തിന്‍റെ ഭാഷ ഉപയോഗിച്ചിട്ടില്ലെന്ന് വെള്ളിയാഴ്ച പറഞ്ഞിരുന്നു. “ഞങ്ങൾ അധികാരം കിട്ടിയ സമയത്ത് അഹങ്കാരത്തിന്‍റെ ഭാഷയിൽ സംസാരിച്ചിട്ടില്ല. എല്ലാവരെയും കൂട്ടിയോജിപ്പിച്ചു കൊണ്ട് പോകാനെ ശ്രമിച്ചിട്ടുള്ളൂ. തങ്ങളുടെ നേതൃത്വം ധാർഷ്ട്യത്തിൻ ഭാഷ ഉപയോഗിച്ചിട്ടില്ല. കെ കരുണാകരനെയും മുരളീധരനേയും തിരികെ കൊണ്ടു വന്നതടക്കം ആ സമയത്താണ്. പാർട്ടിയിലെ കാര്യങ്ങൾ തന്നോട് ആലോചിക്കണമെന്നില്ല. എന്നാൽ ഉമ്മൻ ചാണ്ടിയോട് ആലോചിക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്. ഞാനിപ്പോൾ നാലണ മെമ്പർ മാത്രമാണ്. അതുപോലെയല്ല. എഐസിസിയുടെ ജനറൽ സെക്രട്ടറിയും വർക്കിങ് കമ്മിറ്റി അംഗവുമാണ്. എഐസിസിയുടെ ജനറൽ സെക്രട്ടറിയായ ഉമ്മൻ ചാണ്ടിയോട് സംഘടനാപരമായി തന്നെ ആലോചിക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്. അദ്ദേഹത്തെ അവഗണിച്ച് ആര്‍ക്കും മുന്നോട്ടുപോകാനാവില്ല” – എന്നും ചെന്നിത്തല കോട്ടയത്ത് പറഞ്ഞു.
അതിനിടെ കോൺഗ്രസ് വിട്ട പി എസ് പ്രശാന്ത് സിപിഎമ്മിൽ ചേർന്നു. സിപിഎം ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ആത്‌മാർഥതയോടെ നിറവേറ്റുമെന്ന് അദ്ദേഹം വ്യക്തമാക്കി. എകെജി സെൻ്ററിൽ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ്റെ സാന്നിധ്യത്തിലാണ് പ്രശാന്ത് തൻ്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്. സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന പാർട്ടിയെന്ന നിലയിലാണ് സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. ജനാധ്യപത്യമില്ലാത്ത രീതിയിൽ കോൺഗ്രസും ഹൈക്കമാൻഡും മാറി. സിപിഎം ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ആത്‌മാർഥതയോടെ നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.