കൊല്ക്കത്ത
വാര്ത്താപോര്ട്ടലായ നാരദ ഡോട്ട് കോം ഒളിക്യാമറ ഓപ്പറേഷനിലൂടെ 2016ല് പുറത്തുവിട്ട കോഴ ഇടപാട് കേസില് ബംഗാള്‍ മന്ത്രിമാരും തൃണമൂല് നേതാക്കളും അടക്കമുള്ളവര്ക്കെതിരെ എന്ഫോഴ്സ്മെന്റ് ഡയറക്ടററേറ്റ് (ഇഡി) കുറ്റപത്രം നല്കി. തൃണമൂല് മുന്മന്ത്രിയും ഇപ്പോൾ ബിജെപിയുടെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി കേസില് ഉള്പ്പെട്ടെങ്കിലും കുറ്റപത്രത്തില് പേരില്ല.
മന്ത്രിമാരായ സുബ്രത മുഖർജി, ഫിർഹാദ് ഹക്കിം, എംഎല്എയും മുൻമന്ത്രിയുമായ മദൻ മിത്ര, മുൻമന്ത്രി സോവൻ ചധോപാധ്യായ, മമതയുമായി അടുത്തബന്ധമുള്ള മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ എസ്എംഎച്ച് മിർസ തുടങ്ങിയവര്ക്കാണ് കുറ്റംചുമത്തിയത്. ഇവര് നവംബര് 16ന് ഹാജരാകാൻ പ്രത്യേക കോടതി സമന്സ് അയച്ചു. എംപിമാരും എംഎല്എമാരും ഉൾപ്പെടെ കൂടുതല്പേരെ പിന്നീട് കുറ്റപത്രത്തില് ഉള്പ്പെടുത്തുമെന്ന് ഇഡി അറിയിച്ചു.
സിബിഐ അന്വേഷിക്കേണ്ട: ബംഗാള്‍
നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബംഗാളിൽ അരങ്ങേറിയ കൊലപാതകങ്ങളെയും ആക്രമണങ്ങളെയും കുറിച്ച് ഹൈക്കോടതി ഉത്തരവു പ്രകാരം സിബിഐ നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. സിബിഐ നിഷ്പക്ഷമായ അന്വേഷണം നടത്തില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇതുവരെ സിബിഐ 31 കേസ് എടുത്തിട്ടുണ്ട്. അക്രമസംഭവങ്ങളിൽ അഞ്ച് സിപിഐ എം പ്രവർത്തകർ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടു.