സ്ലോവേനിയ
സൈനിക, വിദേശ നയങ്ങളില് അമേരിക്കയെ അമിതമായി ആശ്രയിക്കാതെ മുന്നോട്ടുപോവാൻ വഴി തേടി 27 യൂറോപ്യന് രാജ്യത്തിന്റെ പ്രതിനിധികള് യോഗം ചേര്ന്നു. അഫ്ഗാനില്‍നിന്നുള്ള പിന്മാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് വിവിധ രാജ്യങ്ങളിലെ പ്രതിരോധ–- വിദേശ മന്ത്രിമാർ, നാറ്റോ, യുഎന് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര് സ്ലോവേനിയയിൽ യോഗം ചേര്ന്നത്. ദ്രുത പ്രതികരണസേന വികസിപ്പിക്കുന്നതും ചർച്ച ചെയ്തു.
അമേരിക്കയെ എത്രത്തോളം ആശ്രയിച്ചിട്ടുണ്ടെന്നതാണ് അഫ്ഗാനിസ്ഥാനിലെ ഒഴിപ്പിക്കല് ദൗത്യം വ്യക്തമാക്കുന്നതെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി ജോസെപ് ബോറൽ ചൂണ്ടിക്കാട്ടി. കൂടുതല് ശക്തവും പരാശ്രയമില്ലാതെ നിലനില്പ്പുള്ളതുമായ യൂറോപ്പ് ആവശ്യമാണെന്ന് യൂറോപ്യൻ സൈനിക സമിതി ചെയർമാൻ ക്ലോഡിയോ ഗ്രാസിയാനോ പറഞ്ഞു.
ഒഴിപ്പിക്കല് ദൗത്യത്തിന്റെ ഭാഗമായി അഫ്ഗാന് വിട്ടുപോകാന് കഴിയാതെപോയ ഗ്രീന്കാര്ഡ് ഉടമകളിലും അമേരിക്കയ്ക്കെതിരായ വികാരം ശക്തമായി. രാജ്യത്തുനിന്ന് പുറത്തെത്തിക്കാമെന്ന് നല്കിയ ഉറപ്പ് യുഎസ് പാലിച്ചില്ലെന്നും തങ്ങള് വഞ്ചിക്കപ്പെട്ടെന്നുമാണ് ഇവര് പറയുന്നത്.