തിരുവനന്തപുരം
ലൈസൻസ് ഇല്ലാത്ത തോക്കുകളുമായി കശ്മീരി യുവാക്കൾ അറസ്റ്റിലായ സംഭവത്തിൽ ഇവരെ റിക്രൂട്ട് ചെയ്ത ഏജൻസിയെക്കുറിച്ചും അന്വേഷിക്കും. തോക്കും വ്യാജ ലൈസൻസും പ്രതികൾ കശ്മീരിൽനിന്ന് സംഘടിപ്പിച്ചതാണെന്നും പൊലീസ് കണ്ടെത്തി. അന്വേഷകസംഘം കശ്മീരിലെത്തി അന്വേഷിക്കും. അറസ്റ്റിലായ അഞ്ചുപേരെയും റിമാൻഡ് ചെയ്തു. ആയുധം കൈവശംവയ്ക്കൽ, വ്യാജരേഖ ചമയ്ക്കൽ കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തി.
പ്രതികൾക്ക് നിരോധിത സംഘടനകളുമായി ബന്ധമുള്ളതിന്റെ സൂചനകൾ ലഭിച്ചില്ല. ജോലി നേടാൻ കശ്മീരിലെ ഏജന്റിൽനിന്ന് തോക്കും വ്യാജ ലൈസൻസും പണംനൽകി വാങ്ങിയതായാണ് വിവരം. തോക്ക് നിർമിച്ചതും കശ്മീരിലാണ്.
ബുധനാഴ്ച വൈകിട്ടാണ് നീറമൺകരയിലെ വാടക വീട്ടിൽനിന്ന് കശ്മീർ രജൗരി സ്വദേശികളായ ഷൗക്കത്തലി (27), മുഷ്താഖ് ഹുസൈൻ (24), ഷുക്കൂർ അഹമ്മദ് (23), മുഹമ്മദ് ജാവേദ് (22), ഗുൽസമൻ (22) എന്നിവരെ അറസ്റ്റുചെയ്തത്. എടിഎമ്മിൽ പണം നിറയ്ക്കുന്ന വാഹനത്തിനു സുരക്ഷയൊരുക്കുന്ന ഏജൻസിയിലെ ജീവനക്കാരാണ് ഇവർ. സ്വന്തമായി തോക്കും ലൈസൻസും ഉള്ളവർക്ക് ജോലിക്ക് മുൻഗണനയെന്ന് സ്വകാര്യ കമ്പനി വാഗ്ദാനം ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ എസ്എസ്വി (സേവ് സെക്യുർ വിജിലൻസ്) എന്ന റിക്രൂട്ടിങ് കമ്പനി വഴിയാണ് കേരളത്തിലെത്തിയത്.
കേരളത്തിൽ പരിശോധന കുറവാണെന്ന് ഇവരെ തെറ്റിദ്ധരിപ്പിച്ചതായാണ് വിവരം. പ്രതികൾ തോക്ക് ഉപയോഗിക്കാൻ പ്രവീണ്യമുള്ളവരല്ലെന്നും പൊലീസ് പറഞ്ഞു. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരും പ്രതികളെ ചോദ്യംചെയ്തു. ഫോർട്ട് എസിപി കെ ഷാജിയുടെയും കരമന എസ്എച്ച്ഒ ബി അനീഷിന്റെയും നേതൃത്വത്തിലാണ് അന്വേഷണം.