ന്യൂഡൽഹി
കോവിഡ് മൂന്നാം തരംഗം പ്രതിരോധിക്കാൻ രാജ്യത്ത് വാക്സിന് യജ്ഞത്തിന് വേഗം കൂട്ടണമെന്ന് ‘ഗ്ലോബൽ റിസർച്ച്’ ഏജൻസി. 18 വയസ്സിൽ താഴെയുള്ളവർക്ക് ഉടൻ വാക്സിൻ നൽകണം. ബൂസ്റ്റർ ഡോസ് നല്കേണ്ടത് അനിവാര്യമെന്നും ഏജൻസി നിര്ദേശിച്ചു.
രാജ്യത്ത് രണ്ട് ഡോസും ലഭിച്ചത് 11 ശതമാനത്തിനുമാത്രം–-15 കോടി പേർക്ക്. 18 വയസ്സിൽ താഴെയുള്ളവർക്ക് വാക്സിൻ നൽകിയിട്ടില്ല. ബ്രിട്ടനിൽ കുട്ടികൾക്കിടയിൽ കോവിഡ് വ്യാപനം ഉയർന്നു. 10–-19 പ്രായമുള്ള ആൺകുട്ടികളിൽ 45 ശതമാനവും അഞ്ചിനും 19നും ഇടയിലുള്ള പെൺകുട്ടികളിൽ 35 ശതമാനവും രോഗബാധിതരായി. ഇന്ത്യയില് 18 വയസ്സില് താഴെയുള്ളവര് 40 കോടിയിലേറെയുണ്ട്. മിക്ക സംസ്ഥാനത്തും സ്കൂളും കോളേജും തുറക്കുന്നു.
ഫൈസർ വാക്സിൻ തുടക്കത്തിൽ 95 ശതമാനം സംരക്ഷണം നൽകുമെങ്കിലും നാലുമാസം കഴിഞ്ഞാല് പ്രതിരോധശേഷി 48 ശതമാനമാകും. കോവിഷീൽഡിന്റെ പ്രതിരോധശേഷി 75 ശതമാനത്തില്നിന്ന് നാലുമാസം പിന്നിടുമ്പോൾ 54 ശതമാനമാകും. ബൂസ്റ്റർ ഡോസ് അനിവാര്യമെന്നും ‘ഗ്ലോബൽ റിസർച്ച്’ മുന്നറിയിപ്പ് നല്കി.