ന്യൂഡൽഹി
അഫ്ഗാനിസ്ഥാൻ താലിബാൻ കീഴടക്കിയതോടെ കശ്മീരിൽ ഉൾപ്പെടെ ആഗോള ജിഹാദാണ് ലക്ഷ്യമെന്ന ഭീഷണിയുമായി അൽ ഖായ്ദ. ലെവാന്റ്, സോമാലിയ, യമൻ, കശ്മീർ തുടങ്ങിയ ഇസ്ലാമിക മേഖലകൾ ശത്രുക്കളിൽനിന്ന് മോചിപ്പിക്കുമെന്ന് അൽ ഖായ്ദ പ്രസ്താവനയിൽ പറഞ്ഞു. ഇതിനു പിന്നിൽ പാകിസ്ഥാനാണെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. പ്രസ്താവനയിൽ കശ്മീരിനെ ഉൾപ്പെടുത്തുകയും ചെച്നിയയെയും സിൻജിയാങ്ങിനെയും ഒഴിവാക്കുകയും ചെയ്തത് ഇത് അടിവരയിടുന്നു.
അൽ ഖായ്ദയുടെ പ്രസ്താവന വിശകലനം ചെയ്യുകയാണെന്നും കടുത്ത ഉൽക്കണ്ഠ ഉണ്ടാക്കുന്നതാണ് നീക്കമെന്നും ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. അതിർത്തികളിൽ നുഴഞ്ഞുകയറ്റശ്രമങ്ങൾ സജീവമായതും നിരീക്ഷിക്കുകയാണ്.
അതേസമയം, കശ്മീരിൽ ഇടപെടില്ലെന്നാണ് താലിബാൻ നിലപാട്. ഇന്ത്യയുമായി ബന്ധം സ്ഥാപിക്കാനാണ് താൽപ്പര്യപ്പെടുന്നതെന്ന് താലിബാൻ നേതാവ് അനസ് ഹഖാനി പറഞ്ഞു. കശ്മീർ തങ്ങളുടെ പരിധിയിൽവരുന്നതല്ല. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നത് നയത്തിന് വിരുദ്ധമാണെന്നും ഹഖാനി ഒരു അഭിമുഖത്തിൽ പറഞ്ഞു.