ന്യൂഡൽഹി
ഇന്ത്യക്കെതിരായ ഭീകരപ്രവർത്തനങ്ങൾക്ക് അഫ്ഗാനിസ്ഥാന്റെ മണ്ണ് ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് അടിയന്തര ആവശ്യമെന്ന് കേന്ദ്ര വിദേശമന്ത്രാലയം. ഖത്തറിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തലും താലിബാൻ നേതാവ് ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റെനക്സായ്യും തമ്മിൽ ചർച്ച നടത്തി രണ്ടു ദിവസത്തിനുശേഷമാണ് കേന്ദ്ര സർക്കാരിന്റെ പ്രതികരണം. ദോഹയിൽ നടന്ന യോഗത്തിൽ അഫ്ഗാൻ അതിർത്തി ഇന്ത്യക്കെതിരായ നീക്കത്തിന് ഉപയോഗിക്കപ്പെടാമെന്ന ആശങ്കയും ബാക്കിയുള്ള ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്ന വിഷയവും ചർച്ച ചെയ്തെന്ന് മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. അനുകൂലമറുപടിയാണ് ലഭിച്ചത്. താലിബാൻ ഭരണത്തെ ഇന്ത്യ അംഗീകരിക്കുമോ എന്ന ചോദ്യത്തിന് അത്തരം കാര്യം തീരുമാനിക്കാൻ സമയമായിട്ടില്ലെന്ന് ബാഗ്ചി പറഞ്ഞു.