തിരുവനന്തപുരം
ഒരു ലക്ഷം പേർക്ക് സാന്ത്വനമേകി സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെ മിത്ര 181 ഹെൽപ്ലൈൻ. ആഗസ്ത് 31 വരെ വന്ന 3,18,190 കോളുകളിൽ 1,01,056 ത്തിനും പരിഹാരം കാണാൻ മിത്രയ്ക്കായി. ആകെ വന്നതിൽ 25000ത്തിലേറെ കോളുകൾ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടതാണ്. ആഗസ്തിൽ മാത്രം ഇതുമായി ബന്ധപ്പെട്ട് 2007 കോളുകൾ വന്നു. സംസ്ഥാന സർക്കാർ സ്ത്രീധന വിരുദ്ധ ക്യാമ്പയിൻ ആരംഭിച്ച ശേഷം സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്നും ഇത്തരം പരാതികളിൽ ഉടൻ നടപടിയുണ്ടാകുമെന്നും അധികൃതർ പറയുന്നു.
2017 മാർച്ചിലാണ് സ്ത്രീകള്‍ക്കു വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന മിത്ര 181 ഹൈൽപ്ലൈൻ ആരംഭിക്കുന്നത്. സ്ത്രീകൾ ആപത്തിൽപ്പെടുന്ന സാഹചര്യങ്ങളിലും വിവിധ സേവനങ്ങളെക്കുറിച്ച് അറിയാനും മിത്രയിലേക്ക് വിളിക്കാം. കൗൺസലിങ്, നിയമസഹായം എന്നിവയ്ക്ക് പുറമെ ആശുപത്രി, പൊലീസ്, ആംബുലന്‍സ് എന്നീ സേവനങ്ങളും ലഭിക്കും. നിയമം, സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍ പ്രൊഫഷണല്‍ യോഗ്യതയുള്ള വനിതകളാണ് മിത്രയിലെ ജീവനക്കാർ.