ന്യൂഡൽഹി
ഒരുവിഭാഗം മാധ്യമങ്ങള്‍ എല്ലാത്തിനും വര്‍ഗീയനിറം പകരാന്‍ ശ്രമിക്കുകയാണെന്നും രാജ്യാന്തരതലത്തിൽ ഇത് ഇന്ത്യക്ക് ചീത്തപ്പേരുണ്ടാക്കുമെന്നും സുപ്രീംകോടതി. കോവിഡ് ഒന്നാംതരംഗവേളയില് ഡൽഹി നിസാമുദീൻ മർക്കസിൽ തബ്ലീഗ് സമ്മേളനം ചേര്‍ന്നതിനെ ചില മാധ്യമങ്ങള്‍ വര്‍ഗീയമായി ചിത്രീകരിച്ചത് ചോദ്യചെയ്ത ഹര്‍ജി പരിഗണിക്കവെയാണ് നിരീക്ഷണം.
“വാർത്താ പോർട്ടലുകൾക്ക് ഒരു നിയന്ത്രണവുമില്ല, സമൂഹമാധ്യമ കമ്പനികൾ ശക്തരായ ആളുകൾ പറയുന്നതുമാത്രമാണ് കേൾക്കുന്നത്. ജഡ്ജിമാരെയും സാധാരണക്കാരെയും സ്ഥാപനങ്ങളെയും വകവയ്ക്കാറില്ല. ട്വിറ്ററും ഫെയ്സ് ബുക്കും യു ട്യൂബും സുപ്രീംകോടതിയോട് പ്രതികരിക്കാറില്ല. പല സ്ഥാപനങ്ങളെയും മോശമായി ചിത്രീകരിച്ചത് അവരുടെ അവകാശമെന്നാണ് പറയുന്നത്’–- ചീഫ് ജസ്റ്റിസ് എൻ വി രമണയും ജസ്റ്റിസ് സൂര്യകാന്തും ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. ചെറിയ സമയത്തിൽ ധാരാളം കാര്യമാണ് യു ട്യൂബിലും മറ്റും വരുന്നത്. എത്രമാത്രം വ്യാജവാർത്തയാണ് വരുന്നത്. വെബ് പോർട്ടലുകൾക്ക് നിയന്ത്രണച്ചട്ടമില്ല. വാർത്തകൾക്ക് വർഗീയനിറം നൽകുന്നു. അതൊരു പ്രശ്നമാണ്–- ചീഫ് ജസ്റ്റിസ് പറഞ്ഞു.
പുതിയ ഐടി ചട്ടത്തിലൂടെ ഈ ആശങ്ക പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത പറഞ്ഞു. ഐടി ചട്ടത്തിനെതിരെ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ നിലവില്‍ ഉള്ളവയ്ക്കൊപ്പം ഒന്നിച്ചുകേള്ക്കാമെന്ന് കോടതി അറിയിച്ചു. ആറാഴ്ചയ്ക്കകം കേസ് പരിഗണിക്കും.
പുതിയ ഐടി ചട്ടപ്രകാരം എന്തെങ്കിലും നടപടി സ്വീകരിക്കുന്നതിൽനിന്ന് കേരള ഹൈക്കോടതി ഇടക്കാല സംരക്ഷണം നൽകിയിട്ടുണ്ടെന്ന് ന്യൂസ് ബ്രോഡ് കാസ്റ്റേഴ്സ് അസോസിയേഷൻ കോടതിയെ അറിയിച്ചു. ട്വിറ്റർ തന്റെ അക്കൗണ്ട് റദ്ദാക്കിയതിനെതിരായി ഹർജി സമർപ്പിച്ചിട്ടുണ്ടെന്ന് കേസിൽ കക്ഷിചേര്‍ന്ന മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ കോടതിയെ അറിയിച്ചു.