കൊച്ചി
ചന്ദ്രിക ദിനപത്രത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെയും മകനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വൈള്ളിയാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. എന്നാൽ വെള്ളിയാഴ്ച അസൗകര്യമുണ്ടെന്ന് അറിയിച്ച കുഞ്ഞാലിക്കുട്ടി സാവകാശം തേടി.
ചന്ദ്രികയുടെ അക്കൗണ്ടിൽ കള്ളപ്പണം വെളുപ്പിച്ചതും സമീപകാലത്ത് കുഞ്ഞാലിക്കുട്ടി നടത്തിയ ഭൂമി ഇടപാടുകളും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. കേസിൽ മുൻമന്ത്രി കെ ടി ജലീൽ വ്യാഴാഴ്ച കൊച്ചി ഇഡി ഓഫീസിൽ ഹാജരായി തെളിവ് നൽകി.
തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ജലീലിനെ ഇഡി വിളിക്കുകയായിരുന്നു. നിയമസഭയിലും വാർത്താസമ്മേളനങ്ങളിലും നടത്തിയ വെളിപ്പെടുത്തലുകളുടെ വിശദാംശവും ആവശ്യപ്പെട്ടു. വ്യാഴം പകൽ 11ന് ഇഡി ഓഫീസിലെത്തിയ ജലീൽ, വൈകിട്ട് നാലുവരെ ഉദ്യോഗസ്ഥരുമായി സംസാരിച്ചു.
ഇഡി ആരാഞ്ഞത് ലീഗ് നേതാക്കളുടെ സാമ്പത്തിക ക്രമക്കേടുകൾ: കെ ടി ജലീൽ
ചന്ദ്രിക ദിനപത്രത്തെയും മുസ്ലിംലീഗ് സംഘടനയെയും സ്ഥാപനങ്ങളെയും മറയാക്കി കുഞ്ഞാലിക്കുട്ടിയും കൂട്ടരും നടത്തിയ കള്ളപ്പണം വെളുപ്പിക്കലും സ്വത്തുസമ്പാദനവും സംബന്ധിച്ച വിവരങ്ങളാണ് ഇഡിക്ക് നൽകിയതെന്ന് കെ ടി ജലീൽ എംഎൽഎ പറഞ്ഞു. മൊഴി നൽകിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇഡി വിളിപ്പിച്ചതനുസരിച്ചാണ് എത്തിയത്. കൈമാറിയ രേഖകള്‍ക്കുപുറമെ കുറച്ച് രേഖകള്‍കൂടി അവർ ആവശ്യപ്പെട്ടു. അതും നൽകും. ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റു ചിലരുടെയും വിവരങ്ങൾ തേടിയിട്ടുണ്ട്. ചന്ദ്രികയുടെ നാലരക്കോടി ഉപയോഗിച്ച് കോഴിക്കോട്ട് നാലേക്കര്‍ വാങ്ങി. ലീഗിന് ഓഫീസ് നിര്‍മിക്കാനാണ് സ്ഥലം വാങ്ങിയത്. രണ്ടേകാല്‍ ഏക്കര്‍ ഹൈദരലി തങ്ങളുടെ പേരിലാണ്. നിര്‍മാണത്തിന് അനുയോജ്യമായ രണ്ടേക്കര്‍ ഒരു പ്രമുഖ നേതാവിന്റെ മകന്റെ പേരിലാണ്.’–- ജലീൽ പറഞ്ഞു.