ന്യൂഡൽഹി
ഡൽഹിയിലും വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ശക്തമായ മഴ. ഡൽഹിയിൽ താഴ്ന്ന സ്ഥലങ്ങളിലും വീടുകളിലും വെള്ളം കയറി. റോഡുകളിൽ വെള്ളക്കെട്ടായതോടെ വലിയ ഗതാഗതക്കുരുക്കുണ്ടായി. ഡൽഹിയിൽ 12 വർഷത്തിനിടയിൽ സെപ്തംബറിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ബുധനാഴ്ചയാണ്. രാവിലെ 8.30 വരെ 24 മണിക്കൂറിൽ 112.1 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്ക്.
സെപ്തംബറിൽ ലഭിക്കേണ്ട മഴയുടെ 90 ശതമാനവും ആദ്യ ദിവസം ലഭിച്ചു. സാധാരണ ഈ മാസം 125.1 മില്ലിമീറ്റർ മഴയാണ് ഉണ്ടാവുക. ഇതിനിടെ ഗാസിയാബാദിൽ ഷോക്കേറ്റ് മൂന്ന് കുട്ടികളടക്കം അഞ്ചുപേർ മരിച്ചു. ഒരു കടയിലാണ് അപകടമുണ്ടായത്. കടയ്ക്കു മുന്നിലുള്ള തകരഷീറ്റിലേക്ക് വൈദ്യുതി കമ്പി വീണു. മേൽക്കൂര താങ്ങിനിർത്തിയിരുന്ന ഇരുമ്പ് കമ്പിയിൽ പിടിച്ച രണ്ട് കുട്ടികളും ഇവരെ രക്ഷിക്കുന്നതിനിടെ മറ്റൊരു കുട്ടിയും മരിച്ചു. അസമിൽ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും രണ്ടുപേർ മരിച്ചു. 5.74 ലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. ഇടിമിന്നലേറ്റ് യുപിയില്‍ മൂന്നുപേരും രാജസ്ഥാനില്‍ രണ്ടുപേരും മരിച്ചു. ഒമ്പതുപേര്‍ക്ക് പരിക്കേറ്റു.