തിരുവനന്തപുരം
കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിലെ നിയമനങ്ങളും കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിലെ നിയമനങ്ങളും പിഎസ്സിക്ക് വിടും. പ്രവാസി ക്ഷേമ ബോർഡിലെ നിയമനങ്ങൾക്കായി കരട് ഭേദഗതി ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തിരുമാനിച്ചു. തൊഴിലാളി ക്ഷേമനിധി ബോർഡിലെ നിയമനങ്ങൾക്കുള്ള കരട് ഭേദഗതിയും അംഗീകരിച്ചു.
നിക്ഷേപകരുടെ പരാതി, ബുദ്ധിമുട്ടുകൾ എന്നിവ പരിഹരിക്കാൻ ജില്ലാ/ സംസ്ഥാന പരാതി പരിഹാര കമ്മിറ്റികൾ രൂപീകരിക്കുന്നതിനുള്ള 2021ലെ കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രദേശ വികസനവും ഭേദഗതി ഓർഡിനൻസ് ഇറക്കാൻ ഗവർണറോട് ശുപാർശചെയ്യും. അർബൻ ബാങ്കുകളിലെ വ്യക്തിഗത ഓഹരി പങ്കാളിത്തം അഞ്ച് ശതമാനമായി നിജപ്പെടുത്തുന്നതിനുള്ള നിയമ ഭേദഗതിക്ക് അനുമതി നൽകി.
പാട്ടം പുതുക്കിയ ഉത്തരവ് റദ്ദാക്കി
തിരുവനന്തപുരം വഞ്ചിയൂർ വില്ലേജിൽ വൈഎംസിഎ കൈവശം വച്ചിട്ടുള്ള 78 സെന്റ് 30 വർഷത്തേക്ക് പാട്ടം പുതുക്കുന്നതിന് അനുമതി നൽകിയ 2016 മാർച്ച് മൂന്നിലെ റവന്യൂ ഉത്തരവ് റദ്ദാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പാട്ട കുടിശ്ശിക ഒറ്റത്തവണയായി അടയ്ക്കാൻ വൈഎംസിഎക്ക് നിർദേശം നൽകും. അതിന് തയ്യാറായില്ലെങ്കിൽ ഭൂമി തിരിച്ചെടുക്കും. വ്യവസ്ഥകൾക്ക് അനുസരിച്ച് കുടിശ്ശിക അടച്ചാൽ പാട്ടം പുതുക്കി നൽകുന്നതിനുള്ള നിർദേശം സമർപ്പിക്കുന്നതിന് കലക്ടർക്ക് നിർദേശം നൽകാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി.
കുടുംബശ്രീ പലിശ സബ്സിഡിക്ക് 75.12 കോടി അനുവദിച്ചു
കുടുംബശ്രീ അംഗങ്ങൾക്ക് അനുവദിച്ച വായ്പയുടെ പലിശ സബ്സിഡിക്കായി 73.12 കോടി രൂപ അനുവദിച്ചു. റീസർജന്റ് കേരള ലോൺ സ്കീം (ആർകെഎൽഎസ്) മുഖേന അനുവദിച്ച ബാങ്ക് വായ്പയുടെ ഈ വർഷത്തെ മൂന്നാം ഗഡു പലിശ സബ്സിഡിയാണ് ഇത്. 75.12 കോ ടി_രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് മുൻകൂറായി കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് അനുവദിക്കും.