അമൃത്സർ
അമൃത്സറിലെ ജാലിയൻവാലാബാഗ് സ്മാരകത്തിൽ കേന്ദ്ര സർക്കാർ നടത്തിയ നവീകരണത്തിൽ വിമർശം ശക്തം. ജാലിയൻവാലാബാഗിലേക്കുള്ള പ്രവേശന കവാടമായ ഇടുങ്ങിയ ഇടനാഴി കഴിഞ്ഞ 100 വർഷമായി അതുപോലെ സംരക്ഷിക്കുകയായിരുന്നു. എന്നാൽ, ചരിത്രത്തിന്റെ ഒരു ശേഷിപ്പും ബാക്കിവയ്ക്കാതെയാണ് ഇടനാഴി നവീകരിച്ചതെതെന്നാണ് വിമർശം. ഇടനാഴിയിൽ പുതിയ ശിൽപ്പങ്ങളടക്കം സ്ഥാപിച്ചു.
ഇടനാഴിയുടെ പഴയ ചിത്രവും പുതിയ ചിത്രവും പങ്കുവച്ച് നിരവധിപേർ ചരിത്രത്തെ മായ്ച്ചുകളയുന്നുവെന്ന് ട്വീറ്റ് ചെയ്തു. ജാലിയൻവാലാബാഗിനെക്കുറിച്ച് പുസ്തകമെഴുതിയ ചരിത്രകാരൻ കിം എ വാഗ്നറുടെ ട്വീറ്റ് ആണ് ചർച്ചകൾക്ക് തുടക്കമിട്ടത്. എന്നാൽ, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് നവീകരണത്തെ അഭിനന്ദിച്ചു. നവീകരണം രക്തസാക്ഷികളെ അപമാനിക്കലാണെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണത്തിന് മണിക്കൂറുകൾക്കകമാണ് അമരീന്ദർ ഇക്കാര്യം പറഞ്ഞത്.
സംഭവത്തിൽ വിശദീകരണവുമായി കേന്ദ്ര സാംസ്കാരിക മന്ത്രാലയം പ്രസ്താവനയിറക്കി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് സ്മാരകം നവീകരിച്ചതെന്നും ഇടിഞ്ഞുവീഴാറായ സ്മാരകത്തെ വരും തലമുറയ്ക്കായി സംരക്ഷിക്കുകയാണ് ചെയ്തതെന്നും സെക്രട്ടറി രാഘവേന്ദ്രസിങ് അവകാശപ്പെട്ടു. എന്നാൽ, വിവാദത്തോട് പ്രതികരിച്ചില്ല. 1919 എപ്രിൽ 13ന് റൗലത്ത് നിയമത്തിനെതിരെ പ്രതിഷേധിക്കാൻ ജാലിയൻവാലാബാഗിൽ ഒത്തുകൂടിയവർക്കുനേരെ ജനറൽ ഡയറിന്റെ നേതൃത്വത്തിൽ നടത്തിയ വെടിവയ്പിൽ നിരവധിപേർ രക്തസാക്ഷിത്വം വരിച്ചു.