ന്യൂഡൽഹി
ജെഎൻയുവിൽ പുതുതായി തുടങ്ങുന്ന “ഭീകരപ്രവർത്തനവിരുദ്ധ കോഴ്സ്’ പാഠ്യപദ്ധതിയിൽ വർഗീയപരാമർശങ്ങളും അസത്യവും. “മതമൗലികവാദത്തിന്റെയും മതഭീകരതയുടെയും ഏകരൂപമാണ് ജിഹാദി ഭീകരത, സർക്കാർ രക്ഷാകർതൃത്വത്തിൽ ഭീകരത പ്രോത്സാഹിപ്പിച്ചത് സോവിയറ്റ് യൂണിയനും ചൈനയും പോലുള്ള കമ്യൂണിസ്റ്റ് രാജ്യങ്ങള്, ഇവരാണ് തീവ്രവാദ ഇസ്ലാമിക രാജ്യങ്ങളെ സൃഷ്ടിക്കുന്നത്’ തുടങ്ങിയ സിദ്ധാന്തങ്ങളാണ് പാഠ്യപദ്ധതിയിൽ. സ്കൂൾ ഓഫ് എൻജിനിയറിങ്ങിൽ തുടങ്ങുന്ന പിജി കോഴ്സിന്റെ പാഠ്യപദ്ധതിയിലാണ് ഈ ഭാഗങ്ങൾ.
അക്കാദമിക് കൗൺസിൽ അംഗീകരിച്ച പാഠ്യപദ്ധതി വ്യാഴാഴ്ച ജെഎൻയു എക്സിക്യൂട്ടീവ് കൗൺസിലിന്റെ പരിഗണനയ്ക്ക് വരും. ഇന്ത്യന് കാഴ്ചപ്പാടിലാണ് പാഠ്യപദ്ധതി തയ്യാറാക്കിയതെന്ന് കോഴ്സിനു രൂപംനൽകിയ അധ്യാപകൻ അരവിന്ദ് കുമാർ അവകാശപ്പെട്ടു.എന്നാൽ, വർഗീയപ്രചാരണം ലക്ഷ്യമിട്ടുള്ള കോഴ്സ് പിൻവലിക്കണമെന്ന് ജെഎൻയു ടീച്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി മൗഷൂമി ബസു ആവശ്യപ്പെട്ടു. രണ്ട് വർഷംമുമ്പും ഇതേ ശ്രമമുണ്ടായി. ഡൽഹി ന്യൂനപക്ഷ കമീഷൻ ഇടപെട്ടതിനെ തുടർന്ന് സർവകലാശാല അധികൃതർക്ക് പിന്മാറേണ്ടിവന്നു. വർഗീയ ഉള്ളടക്കമുള്ള പാഠ്യപദ്ധതി അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വം എംപി വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന് കത്ത് നൽകി.