തിരുവനന്തപുരം
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുകളുടെ സെക്രട്ടറിമാരായി പ്രൊഫഷണലുകളെ നിയമിക്കുന്നു. എല്ലാ ഡിടിപിസിക്കും ഒരു മാസത്തിനുള്ളിൽ പുതിയ സെക്രട്ടറിയെ നിയമിക്കാനാണ് സർക്കാർ തീരുമാനം. നടപടികൾ പൂർത്തിയാക്കുന്നതിന്റെ കാലദൈർഘ്യം പരിഗണിച്ച് നിലവിലെ സെക്രട്ടറിമാർക്ക് ഒരുമാസംകൂടി ചുമതല നീട്ടിനൽകി.
സെക്രട്ടറിമാരുടെ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, തെരഞ്ഞെടുപ്പ് രീതി, നിയമന നടപടിക്രമം, വേതനം തുടങ്ങിയവ സമഗ്രമായി പരിഷ്കരിച്ചു. മാനേജ്മെന്റ്/ ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ എംബിഎ, ടൂറിസം അഡ്മിനിസ്ട്രേഷനിലോ ടൂറിസം മാനേജ്മെന്റിലോ ബിരുദാനന്തര ബിരുദം, ട്രാവൽ ആൻഡ് ടൂറിസത്തിൽ ബിരുദാനാന്തര ബിരുദം എന്നിവയിൽ ഒന്നാണ് വിദ്യാഭ്യാസ യോഗ്യത. മേഖലയിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം വേണം. രണ്ടുവർഷമെങ്കിലും മാനേജീരിയൽ പരിചയവും നിർബന്ധിതമാക്കി.
പദ്ധതികൾ സമയബന്ധിതമാക്കും
വിനോദസഞ്ചാരവകുപ്പിന്റെ വിവിധ പദ്ധതി നടത്തിപ്പ് സുഗമമാക്കാൻ വകുപ്പുകളുടെ ഏകോപനത്തിന് സംവിധാനമായി. ഇതിനായി വിനോദസഞ്ചാരം, റവന്യൂ, വനം, തദ്ദേശ സ്വയംഭരണം, ജലവിഭവം വകുപ്പുകളുടെ സെക്രട്ടറിയോ പ്രതിനിധിയോ ഉൾപ്പെടുന്ന ഉന്നതാധികാര സമിതി നിലവിൽവരും. വിനോദസഞ്ചാരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണു സമിതി അധ്യക്ഷനും ടൂറിസം ഡയറക്ടർ വി ആർ കൃഷ്ണതേജ കൺവീനറുമായിരിക്കും. നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി വിനോദസഞ്ചാരവകുപ്പിന്റെ പദ്ധതികളിൽ വകുപ്പുകളുടെ ഏകോപനത്തിന് വ്യവസ്ഥ വേണമെന്ന് നിർദേശിച്ചിരുന്നു. പദ്ധതികൾക്ക് വിവിധ വകുപ്പുകൾ നൽകേണ്ട അനുമതികളിൽ കാലതാമസം ഒഴിവാക്കലും സമിതി ചുമതലയാകും.