ന്യൂഡൽഹി
കോവിഡ് ഭീതിയിൽ ദീർഘനാൾ അടച്ചിട്ടശേഷം വിവിധ സംസ്ഥാനങ്ങളിൽ വിദ്യാലയങ്ങൾ തുറന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സ്കൂളുകളും കോളേജുകളും കോച്ചിങ് കേന്ദ്രങ്ങളും തുറന്നത്. ഡൽഹിയിൽ ഒമ്പതുമുതൽ 12 വരെ ക്ലാസുകൾ ബുധനാഴ്ച തുടങ്ങി. എന്നാൽ ഏതാനും ആഴ്ച സാഹചര്യം വിലയിരുത്തിയശേഷമാവും ചില സ്കൂളുകൾ ക്ലാസ് തുടങ്ങുക.
മൂന്നാംതരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പിനിടെ സ്കൂളുകൾ തുറക്കരുതെന്ന് ഒരു വിഭാഗം രക്ഷിതാക്കളും വിദ്യാഭ്യാസ– ആരോഗ്യ മേഖലയിലുള്ളവരും ആവശ്യപ്പെടുന്നതിനിടെയാണ് സ്കൂളുകൾ തുറന്നത്. ഉത്തർപ്രദേശിൽ ഒന്നുമുതൽ അഞ്ചുവരെയും ഹരിയാനയിൽ നാല്, അഞ്ച് ക്ലാസുകളും തുടങ്ങി. രണ്ടിടത്തും ഒമ്പത്–-12, ആറ്–-എട്ട് ക്ലാസുകൾ രണ്ടാഴ്ചമുമ്പ് തുറന്നു.
രാജസ്ഥാൻ ഒമ്പത്–-12, മധ്യപ്രദേശ് 6–-12, തമിഴ്നാട് ഒമ്പത്–-12 ക്ലാസുകൾ തുടങ്ങി. തെലങ്കാനയിൽ ഹൈക്കോടതി ഉത്തരവു പ്രകാരം ഒന്നുമുതൽ 12–-ാം ക്ലാസുവരെ നേരിട്ടുള്ള അധ്യയനം തുടങ്ങി.