കോഴിക്കോട്
എംഎസ്എഫ് നേതാക്കളുടെ ലൈംഗികാധിക്ഷേപത്തിനെതിരെ വനിതാ കമീഷനിൽ നൽകിയ പരാതി പിൻവലിക്കില്ലെന്ന് ‘ഹരിത’ പ്രവർത്തകർ. പരാതി പിൻവലിക്കണമെന്ന മുസ്ലിംലീഗിന്റെ നിർദേശമാണ് ഹരിത തള്ളിയത്. ഇതോടെ ലീഗ് നേതൃത്വം കുരുക്കിലായി. ആരോപണവിധേയനായ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസടക്കമുള്ളവർക്കെതിരെ സംഘടനാ നടപടിയെടുക്കാത്തതാണ് പരാതി പിൻവലിക്കാതിരിക്കാൻ കാരണം.
ഫെയ്സ്ബുക്കിലൂടെ ഖേദം പറയുക എന്നതായിരുന്നു നവാസിന് ലീഗ് നൽകിയ ‘ശിക്ഷ’. ഹരിതയുടെ 10 പ്രവർത്തകർ പരാതി പിൻവലിക്കുമെന്ന് ലീഗ് നേതൃത്വം വാർത്താക്കുറിപ്പുമിറക്കി.പ്രശ്നത്തിൽ നേതൃത്വം വിവേചനപരമായി ഇടപെട്ടെന്നാണ് ഹരിത പ്രവർത്തകരുടെ വികാരം. ആരോപണം ഉന്നയിച്ച പെൺകുട്ടികളുമായും ആരോപണവിധേയരായ എംഎസ്എഫ് നേതാക്കളുമായും ചർച്ചചെയ്ത് ലീഗ് പ്രഖ്യാപിച്ച തീരുമാനമാണ് ഹരിത തള്ളിയത്. വനിതാ കമീഷന് നൽകിയ പരാതി പിൻവലിക്കാത്തതോടെ ലീഗ് നേതൃത്വം പരുങ്ങലിലായി. തുടർ നടപടി ഉന്നതാധികാര സമിതി തീരുമാനിക്കുമെന്ന് ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു.