ന്യൂഡൽഹി
ഹരിയാനയിൽ കർഷകനെ കൊലപ്പെടുത്തിയവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന് അധികാരത്തിൽ തുടരാന്‍ ധാർമിക അവകാശമില്ലെന്ന് അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ളയും ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദും വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുറ്റവാളികളെ രക്ഷിക്കാൻ ലജ്ജാകരമായ ശ്രമമാണ് ബിജെപി സർക്കാര്‍ നടത്തുന്നത്. കർഷകനായ സുശീൽ കാജലിന്റെ മരണം ഹൈക്കോടതി സിറ്റിങ് ജഡ്ജി അന്വേഷിക്കണം.
കർഷകരുടെ തല അടിച്ചുപൊട്ടിക്കാൻ പരസ്യനിർദേശം നൽകിയ സബ് ഡിവിഷണൽ മജിസ്ട്രേട്ട് ആയുഷ് സിൻഹയെ സസ്പെൻഡ് ചെയ്യണം. എല്ലാ പ്രതികൾക്കും കൊലക്കുറ്റം ചുമത്തണം. സുശീലിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും ഒരാൾക്ക് ജോലിയും നൽകണം.
സുശീലിനെ ആശുപത്രിയിൽ എത്തിക്കാൻ പൊലീസ് അനുവദിച്ചില്ല. പോസ്റ്റ്മോർട്ടം നടത്താതെ സംസ്കരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ഗംഗാറാം പുനിയ പറയുന്നു. ഈ വിവരം പൊലീസിന് എവിടെനിന്ന് കിട്ടി. കുറ്റവാളികളെ രക്ഷിക്കാനാണ് ശ്രമം–- നേതാക്കൾ പറഞ്ഞു.