ദുബായ് > റാസല്‍ ഖൈമയില്‍ വാഹനാപകടത്തില്‍ രണ്ടു കോഴിക്കോട് സ്വദേശികള്‍ മരിച്ചു. തട്ടോലിക്കര സ്വദേശി കലിയത്ത് ശിവദാസ് (48), പുതിയങ്ങാടി സ്വദേശി നജ്മ മന്‍സിലില്‍ ഫിറോസ് പള്ളിക്കണ്ടി (46) എന്നിവരാണ് മരിച്ചത്. റാക് 611 ബൈപ്പാസില്‍ തിങ്കളാഴ്ച രാത്രി 11 ഓടെയായിരുന്നു അപകടം. ദിബ്ബ മോഡേൺ ബേക്കറി ജീവനക്കാരാണ് ഇരുവരും. ദിബ്ബയില്‍ നിന്ന് ഷാര്‍ജയിലെ താമസ സ്ഥലത്തേക്കുള്ള യാത്രാമധ്യേ ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ ട്രെയിലര്‍ ഇടിച്ചാണ് അപകടം. ഇരുവരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. ഫിറോസായിരുന്നു വാഹനം ഓടിച്ചിരുന്നത്.
എട്ടു മാസം മുന്‍പാണ് ശിവദാസ് ബേക്കറിയില്‍ ഷെഫ് ജോലിയില്‍ പ്രവേശിച്ചത്. ഒരു വര്‍ഷത്തിലേറെയായി ഫിറോസ് ഇവിടെ ജോലി ചെയ്യുന്നു. മാധവന്-വിമല ദമ്പതികളുടെ മകനാണ് ശിവദാസ്. ഭാര്യ: കോമളവല്ലി (രാജി). മക്കള്‍: ഗോപിക, കീര്‍ത്തന. ഇമ്പിച്ചമ്മു പള്ളിക്കണ്ടി- സൈനബ് ദമ്പതികളുടെ മകനാണ് ഫിറോസ്. ഭാര്യ: സറീന. റാക് ഉബൈദുല്ലാഹ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകും.