പലാക്കാട് > മലബാർ കലാപത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞശേഷം വലിയ ഭീഷണി വരുന്നുണ്ടെന്ന് സ്പീക്കർ എം ബി രാജേഷ്. പാലക്കാട് പ്രസ്ക്ലബ്ബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈബർ ആക്രമണങ്ങളെ കാര്യമാക്കുന്നില്ല. ഇപ്പോൾ ഭാര്യയേയും മക്കളേയും മുൻനിർത്തിയാണ് ആക്രമണം. അതിന് വർഗീയതയുടെ ചേരുവ നൽകുന്നു. വീട്ടിലേക്ക് നിരന്തരം ഫോൺ വിളിച്ചും ഭീഷണിയുണ്ട്.
ഗുജറാത്തിൽനിന്നടക്കം ഫോൺ വരുന്നു. എത്ര ഭീഷണിവന്നാലും നിലപാടിൽ മാറ്റമുണ്ടാകില്ല.
സ്പീക്കറായി എന്നതിനാൽ അഭിപ്രായം പറയരുത് എന്ന് എവിടെയും എഴുതിയിട്ടില്ല. ഔചിത്യവും അവതാനതയും പുലർത്തി ഭരണഘടനാ സ്വാതന്ത്ര്യം ഉപയോഗിക്കാം. അഭിപ്രായം പറയേണ്ടിടത്ത് പറയാം. സ്പീക്കർക്ക് രാഷ്ട്രീയം പാടില്ല എന്നത് ഒരു അന്ധവിശ്വാസമാണ്. സഭയ്ക്കുള്ളിൽ ദൈനംദിന കക്ഷി രാഷ്ട്രീയത്തിൽ ഇടപെടുന്നതാണ് ബുദ്ധിമുട്ട് സൃഷ്ടിക്കുക. ജാലിയൻവാലാബാഗ് നവീകരിച്ചതോടെ ചരിത്രം തമസ്കരിക്കപ്പെട്ടുവെന്ന് അവിടം സന്ദർശിച്ച ചരിത്രകാരന്മാർ പറഞ്ഞതിനോട് യോജിക്കുന്നു. വെടിയുണ്ടകൾ കൊണ്ട പാടുകൾ മാറ്റി ശിലകൾ സ്ഥാപിച്ചുവെന്ന് പറയുന്നു. അത് ചരിത്രത്തെ ഇല്ലാതാക്കുകയാണെന്നും രാജേഷ് ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ഭരണഘടനാ മൂല്യങ്ങളും അവകാശങ്ങളും ഗുരുതര വെല്ലുവിളി നേരിടുന്ന കാലമാണിത്. പാലക്കാട് പ്രസ്ക്ലബ്ബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥയേക്കാൾ വലിയ വെല്ലുവിളിയാണ് രാജ്യം നേരിടുന്നത്. ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലമാക്കാനാണ് ശ്രമം.
സ്പീക്കറുടെ ഉത്തിരവാദിത്തം ഭരണഘടന ഉയർത്തിപ്പിടിക്കലാണ്. സഭയിൽ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും നിലപാട് വ്യക്തമാക്കാൻ സമയവും സൗകര്യവും അനുവദിച്ചുകൊടുക്കണം. ഭരണഘടനാ പദവിയാണ് എന്ന ബോധ്യത്തോടെയാണ് ചുമതല നിർവഹിക്കുന്നത്. പ്രതിപക്ഷത്തിന്റെ അവകാശം സംരക്ഷിക്കേണ്ടതും കടമയാണ്.
ചുമതല ഏറ്റെടുത്തശേഷം രണ്ട് നിയമസഭാ സമ്മേളനം പൂർത്തിയാക്കി. വലിയ പരാതികൾക്കിടയില്ലാത്തവിധം നടപടിക്രമം പാലിക്കാനായി. സമയം കൃത്യമായി പാലിക്കുന്നതിന് തുടക്കം കുറിച്ചു. അത് എല്ലാ അംഗങ്ങളും സ്വാഗതം ചെയ്യുകയും ചെയ്തു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെടെയുള്ളവർ ഇതിന് പിന്തുണ നൽകിയെന്നും എം ബി രാജേഷ് പറഞ്ഞു.