കൊച്ചി > ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽഐസി) 66-ാംവർഷത്തിലേക്ക് കടന്നു. 1956-ൽ അഞ്ചുകോടി രൂപയുടെ പ്രാരംഭമൂലധനത്തോടെ ആരംഭിച്ച എൽഐസിയുടെ നിലവിലെ ആസ്തി 38,04,610 രൂപയാണ്. ബ്രാൻഡ് ഫിനാൻസ് ഇൻഷുറൻസ് 100 പുറത്തുവിട്ട സർവേ റിപ്പോർട്ടുപ്രകാരം എൽഐസി ലോകത്തെ മൂന്നാമത്തെ ഏറ്റവും ശക്തവും പത്താമത്തെ ഏറ്റവും മൂല്യമുള്ളതുമായ ബ്രാൻഡാണ്. 2020-21ൽ കമ്പനി 2.10 കോടി പുതിയ പോളിസികൾ വിറ്റഴിക്കുകയും 3.48 ശതമാനം ബിസിനസ് വളർച്ച രേഖപ്പെടുത്തുകയും ചെയ്തു.
എട്ട് മേഖലാ ഓഫീസും 113 ഡിവിഷണൽ ഓഫീസുമുള്ള എൽഐസിക്ക് 2048 ബ്രാഞ്ച് ഓഫീസും ഒരുലക്ഷത്തിലധികം ജീവനക്കാരും 13.53 ലക്ഷം ഏജന്റുമാരുമുണ്ട്. മൈക്രോ ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയവ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുകയും 2020-21ൽ 1,47,754 കോടി രൂപയുടെ 229.15 ലക്ഷം ക്ലെയിമുകൾ തീർപ്പാക്കുകയും കാലഹരണപ്പെട്ട പോളിസികളുടെ പുനരുജ്ജീവനത്തിന് പ്രത്യേക പ്രചാരണപരിപാടി ആരംഭിക്കുകയും ചെയ്തെന്ന് എൽഐസി അറിയിച്ചു.