കർണാൽ
ഹരിയാന കർണാലിൽ കർഷകസമര ഭടൻ സുശീൽ കാജൽ (55) കൊല്ലപ്പെട്ടത് പൊലീസിന്റെ ക്രൂരമർദനത്തിലെന്ന് കുടുംബം. ഹൃദയാഘാതത്താല് മരിച്ചെന്ന് പൊലീസ് കള്ളക്കഥ പ്രചരിപ്പിക്കുകയാണെന്ന് ഭാര്യ സുദേഷിയും അമ്മ മൂർത്തിയും വിതുമ്പലോടെ പറഞ്ഞു. “മൂന്നു ദിവസമായിട്ടും അധികൃതര് ആരും വീട്ടില് വന്നില്ല. സുശീലിന്റെ തലയ്ക്കു പിന്നിലും ശരീരത്തിന്റെ മറ്റ് ഭാഗത്തും മുറിവേറ്റിരുന്നു. മരണശേഷം മുഖം വീർത്ത് നീലനിറമായി’–- മൂര്ത്തി പറഞ്ഞു. ഒന്നര ഏക്കറിൽ നെല്ലും ഗോതമ്പും കൃഷി ചെയ്യുന്ന കൂട്ടുകുടുംബത്തിന്റെ നായകനെയാണ് നഷ്ടമായത്.
കർണാൽ ബസ്താര ടോൾ പ്ലാസയില് 28ന് പൊലീസ് ലാത്തിച്ചാർജിലാണ് സുശീലിന് പരിക്കേറ്റത്. 27 കർഷകർക്ക് പരിക്കേറ്റെങ്കിലും ആശുപത്രിയിൽ എത്തിക്കാനായത് വിരലില് എണ്ണാവുന്നവരെമാത്രം. റായ്പുർ ജത്തൻ ഗ്രാമത്തിലെ വീട്ടിലെത്തിയ സുശീല് ഭക്ഷണം കഴിക്കാൻപോലും കഴിയാത്ത അവസ്ഥയിലായിരുന്നു. “സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചുപോകുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഒരാളെ പത്തുപേർ വളഞ്ഞിട്ട് അടിച്ചാൽ എന്ത് സംഭവിക്കും’– -സുദേഷി ചോദിച്ചു.
കർഷകസമരത്തിന്റെ തുടക്കംമുതൽ സജീവമായിരുന്നു സുശീൽ. സിന്ഘു സമരകേന്ദ്രത്തിൽ വളന്റിയറായിരുന്നു. അച്ഛൻ നേരത്തേ മരിച്ചതോടെ മൂന്നു സഹോദരങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത സുശീലിന് രണ്ടു മക്കളുണ്ട്. ബിരുദധാരികളായ സഹീലും അന്നുവും. മർദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായനടപടി വേണമെന്ന് ഗ്രാമവാസികള് ആവശ്യപ്പെട്ടു.
സഹായവുമായി കിസാന്സഭ
സുശീലിന്റെ കുടുംബത്തിന് അടിയന്തര സഹായമായി അഖിലേന്ത്യാ കിസാൻസഭ ലക്ഷം രൂപ നൽകി. കിസാൻ സംഘർഷ് ഫണ്ടിൽനിന്നുള്ള തുക കിസാൻസഭാ ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദ് സുശീലിന്റെ ഭാര്യക്ക് കൈമാറി.
പൊലീസ് വാദത്തിന് അടിസ്ഥാനമെന്ത്
ഹൃദയാഘാതമാണ് മരണകാരണമെന്നു പറയാൻ പൊലീസിന് ആരാണ് അധികാരം നൽകിയതെന്ന് കൃഷ്ണപ്രസാദ് പ്രതികരിച്ചു. സുശീൽ കാജലിന് ചികിത്സ നിഷേധിച്ചു. പോസ്റ്റുമോർട്ടം നടത്താതെയാണ് മൃതദേഹം സംസ്കരിച്ചത്. എന്തടിസ്ഥാനത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർ മരണകാരണം പറയുന്നത്– ബസ്താര ടോൾ ഗേറ്റിൽ നടന്ന പ്രതിഷേധ യോഗത്തിൽ -കൃഷ്ണപ്രസാദ് ചോദിച്ചു.